Connect with us

National

പുതിയ എഗ്രിമെന്റ് സംവിധാനം വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് വിവാഹ മോചനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്വത്ത് തര്‍ക്കങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നതിന് വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ സംവിധാനമൊരുങ്ങുന്നു. വിവാഹ മോചന കേസുകളുമായി ബന്ധപ്പെട്ട് സ്വത്തും കുട്ടികളുടെ അവകാശങ്ങളും സംബന്ധിച്ച ചെലവേറിയ കോടതി വാദങ്ങള്‍ക്ക് തടയിടാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മേനകാ ഗാന്ധി സ്ത്രീകളുടെയും കുട്ടികളുടെയും വികസനകാര്യ മന്ത്രാലയം വിദഗ്ധരുമായി ചര്‍ച്ച നടത്തും. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗ്, ബെംഗളൂരുവിലെയും ഡല്‍ഹിയിലെയും ലോ സ്‌കൂളുകളിലെ പ്രതിനിധികള്‍, ജഗോരി, ആക്ഷന്‍ ഇന്ത്യ എന്നീ സന്നദ്ധ സംഘടനകള്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തുക.
രണ്ട് പേര്‍ക്കുമുള്ള ആസ്തി എങ്ങനെ പങ്കിടണമെന്നും പിന്നീട് വിവാഹബന്ധം വേര്‍പ്പെടുത്തേണ്ടിവരികയാണെങ്കില്‍ കുട്ടികളുടെ രക്ഷാകര്‍തൃത്വം വിവാഹാനന്തര സഹായം എന്നിവയുമുള്‍പ്പെടുത്തി ഭാവി വരനും വധുവും തയ്യാറാക്കുന്ന കരാറാണ് “പ്രിനപ്ഷ്യല്‍ എഗ്രിമെന്റ്” അഥവാ പ്രിനപ്. ഇന്ത്യയില്‍ ഈ കരാറിന് നിയമസാധുത ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് അനുസരിച്ച് പലരും കരാറിലെത്താറുണ്ട്. എങ്കിലും ഇവക്കും എത്രത്തോളം നിയമസാധുതയുണ്ട് എന്നത് തര്‍ക്കവിഷയമായി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗമാക്കാന്‍ മേനകാ ഗാന്ധി മുന്‍കൈയെടുക്കുന്നത്.
സംവിധാനം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി വിഷയം സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡയുമായി മേനകാ ഗാന്ധി ചര്‍ച്ച നടത്തി. പുതിയ നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വികസനകാര്യ വകുപ്പ് ഈ മാസം 23ന് വിദഗ്ധരുടെ അഭിപ്രായം തേടും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കെട്ടിക്കിടക്കുന്ന വിവാഹ മോചനക്കേസുകളധികവും വര്‍ഷങ്ങള്‍ നീണ്ടുപോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സ്വത്ത് തര്‍ക്കമാണ്. ഇതിന് പരിഹാരം കാണുന്നതിലൂടെ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെയും വിവാഹ ബന്ധത്തിലെ കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കൂടിയാണ് പുതിയ സംവിധാനം നടപ്പാക്കാനായി കുട്ടികളുടെയും സ്ത്രീകളുടെയും വികസന കാര്യ മന്ത്രി മനേക ഗാന്ദി മുന്‍കൈയെടുക്കുന്നത്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest