Connect with us

Eranakulam

സ്വര്‍ണക്കടത്ത്: റാക്കറ്റ് തലവനെ സി ബി ഐ അറസ്റ്റ് ചെയ്തു

Published

|

Last Updated

കൊച്ചി: കേരളത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തിയ റാക്കറ്റിന്റെ തലവന്‍ മാഹി സ്വദേശി ഫയാസിന്റെ കൂട്ടാളി കല്ലുങ്കല്‍ അശ്‌റഫിനെ സി ബി ഐ അറസ്റ്റ് ചെയ്തു. ദുബൈയില്‍ ബിസിനസുകാരനായ കണ്ണൂര്‍ അണിയാരം ചെറിയകല്ലിങ്കല്‍ അശ്‌റഫ് എന്ന കല്ലിങ്കല്‍ അശ്‌റഫ് (41) നെയാണ് സി ബി ഐ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ മൂന്നിന് എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ഇയാളെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് സി ബി ഐക്ക് കൈമാറുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അശ്‌റഫിനെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശത്ത് ഒളിവില്‍ കഴിഞ്ഞ ഇയാളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സി ബി ഐ ഇന്റര്‍പോളിനു വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ പിടികൂടി ഇയാളെ നെടുമ്പാശേരിയിലേക്ക് അയച്ചശേഷം സി ബി ഐക്ക് വിവരം നല്‍കുകയായിരുന്നു.
ദുബൈയില്‍ ഹോട്ടല്‍ ബിസിനസുകാരനായ അശ്‌റഫാണ് ഫയാസിന്റെ സംഘത്തിന് സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയിരുന്നത്. ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകളെയുള്‍പ്പെടെ ഉപയോഗിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 2013 കാലയളവില്‍ സ്വര്‍ണം കടത്തിയെന്നാണ് കേസ്. സെപ്റ്റംബറില്‍ 20 കിലോ സ്വര്‍ണവുമായി വന്ന രണ്ട് യുവതികളെ ഡിആര്‍ഐ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം ഈ സംഘം കേരളത്തിലേക്ക് കടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
പിടിക്കപ്പെടുന്നതിനു മുമ്പ് 36 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ഫയാസിന്റെ സംഘത്തിന് സഹായം ചെയ്തുകൊടുത്ത കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരെയും സി ബി ഐ അറസ്റ്റ്‌ചെയ്തു.

Latest