Connect with us

National

ഇസില്‍: സുരക്ഷാ ഏജന്‍സികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയൊരുക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഫ്രാന്‍സ് ആക്രമണത്തിന് ശേഷം അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് നേരെയുള്ള ഇസില്‍ ഭീഷണിയെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഐ എസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ വേഗതയില്‍ കൈക്കോള്ളണമെന്നും ഇസില്‍ ആക്രമണത്തിന് സാധ്യതയുള്ള രാജ്യത്തിനകത്തെ നഗരങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
ഇന്നലെയാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ കൈമാറിയത്. ഇസില്‍ ഭീഷണിക്കെതിരെ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും വ്യക്തമാക്കി. ഇസില്‍ ഭീഷണി ഏതെങ്കിലും പ്രത്യേകമായി രാജ്യത്തിന് മാത്രമല്ല അത് ലോകത്ത് മുഴുവനും ഭീഷണിയാണ്. ഇന്ത്യ ഇസില്‍ ജാഗ്രതയിലാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കപ്പുറത്തേക്ക് ഇസില്‍ വളര്‍ന്നിരിക്കുന്നുവെന്ന് കാണിക്കുന്നതാണ് പാരീസിലെ ഒന്നിലധികമുള്ള ആക്രമണങ്ങള്‍.
അതുകൊണ്ട് തന്നെ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിലടക്കം അതീവ സുരക്ഷയൊരുക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. വിദേശികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍, അരാധനാലയങ്ങള്‍ . ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ജനവാസ മേഖലകള്‍, തുടങ്ങിയിടങ്ങളില്‍ സുരക്ഷ ശക്തമാക്കണം.
ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, തുര്‍ക്കി, ആസ്‌ത്രേലിയ, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കും സുരക്ഷയൊരുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിട്ടുണ്ട്. അതേസമയം, ഇന്ത്യക്കകത്ത് ഇസിലിന് വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും പുറത്ത് നിന്നുള്ള ആക്രമണങ്ങള്‍ തള്ളികളയാനാകില്ലെന്നും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.