Connect with us

International

ഇസില്‍വിരുദ്ധ ആഗോള സഖ്യം രൂപവത്കരിക്കണം: ഫ്രാന്‍സ്‌

Published

|

Last Updated

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ കൂട്ടക്കുരുതി നടത്തിയ ഇസില്‍ തീവ്രവാദികളെ ഉന്‍മൂലനം ചെയ്യാന്‍ ആഗോള സഖ്യം രൂപവത്കരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ ആഹ്വാനം ചെയ്തു. സിറിയയിലെ റാഖ നഗരത്തില്‍ ഇസില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഫ്രഞ്ച് പോര്‍ വിമാനങ്ങള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനിടെയാണ് ഹോളണ്ടെയുടെ അഭ്യര്‍ഥന. ചൊവ്വാഴ്ച റാഖയില്‍ നടത്തിയ ആക്രമണത്തില്‍ ഇസിലിന്റെ ഒരു കമാന്‍ഡ് കേന്ദ്രവും ഒരു റിക്രൂട്ട്‌മെന്റ് കേന്ദ്രവും തകര്‍ത്തതായി ഫ്രാന്‍സ് സൈനിക കമാന്‍ഡ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്ക് കൂടി നീട്ടേണ്ടതുണ്ടെന്നും ഇസിലിനെതിരായ പോരാട്ടത്തില്‍ ഫ്രഞ്ച് സേനയോട് ഐക്യപ്പെടാനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തുമെന്നും ഫ്രഞ്ച് പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഹോളണ്ടെ പറഞ്ഞു. ഫ്രാന്‍സ് യുദ്ധത്തിലാണെന്നും നമ്മള്‍ ഭീകരതയെ പരാജയപ്പെടുത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഹോളണ്ടെ പ്രസംഗം തുടങ്ങിയത്. പാരീസില്‍ 129 പേര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാഖും സിറിയയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ഇസില്‍ ഏറ്റെടുത്തിരുന്നു. തങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാരീസിന്റെ വിധിതന്നെയാകുമെന്നും ഇസില്‍ പുറത്തിറക്കിയ വീഡിയോയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം ഇസില്‍ ശക്തി കേന്ദ്രമായ റാഖയില്‍ തുടര്‍ച്ചയായി ആക്രമണം നടത്താന്‍ താന്‍ ഉത്തരവിട്ടതായും മേഖലയില്‍ ഫ്രഞ്ച് വ്യോമാധിപത്യം കൂട്ടുന്നതിനായി വിമാനവാഹിനിക്കപ്പല്‍ അയച്ചതായും ഹോളണ്ടെ പറഞ്ഞു.