Connect with us

National

ഇന്ത്യയെ ഭാരതമാക്കേണ്ടതില്ല: കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് മാറ്റി ഭാരതം എന്നാക്കി മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ഭട്‌വാളാണ് ഇത് സംബന്ധിച്ച ഹരജി നല്‍കിയത്.
രാജ്യത്തിന്റെ ഭരണഘടനയുടെ ഒന്നാം അനുഛേദത്തില്‍ സംശയലേശമെന്യേ വ്യക്തമാക്കിയ കാര്യമാണിതെന്നും നിലവില്‍ അത് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ കരടില്‍ ഭാരതം എന്ന പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണസഭ ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്തിരുന്നു. ഭാരതം, ഭാരതഭൂമി, ഭാരത് വര്‍ഷ്, ഇന്ത്യ അഥവാ ഭാരതം, ഇന്ത്യ എന്ന ഭാരതം തുടങ്ങിയ നിര്‍ദേശങ്ങളാണ് അന്ന് പരിഗണിക്കപ്പെട്ടത്.
തുടര്‍ന്ന് “ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂനിയനാണ്” എന്ന് ഒന്നാം അനുഛേദത്തില്‍ വ്യക്തമാക്കി രേഖപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഔദ്യോഗികവും അല്ലാത്തതുമായ എല്ലാ പരാമര്‍ശങ്ങളിലും ഇന്ത്യക്ക് പകരം ഭാരതം എന്നാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യം ബ്രിട്ടിഷുകാര്‍ കീഴ്‌പ്പെടുത്തി ഭരിച്ചിരുന്ന കാലത്താണ് ഇന്ത്യ എന്ന പേരിന് രൂപംനല്‍കിയതെന്നും ചരിത്രത്തിലും പുരാണ ഗ്രന്ഥങ്ങളിലും ഭാരതം എന്നാണ് ഈ നാട് അറിയപ്പെട്ടിരുന്നതെന്നുമായിരുന്നു നിരഞ്ജന്‍ ഭട്‌വാള്‍ ഹരജിയില്‍ ഉന്നിച്ചത്.

Latest