Connect with us

Sports

പ്ലേ ഓഫ് 'ഹാന്‍ഡ് ബോള്‍' ഇത്തവണ അയര്‍ലാന്‍ഡിനൊപ്പം

Published

|

Last Updated

ഡുബ്ലിന്‍: ഹംഗറിക്ക് പിന്നാലെ അയര്‍ലാന്‍ഡും പ്ലേ ഓഫ് കടമ്പ കടന്ന് 2016 യൂറോ കപ്പിന് യോഗ്യത നേടി. ബോസ്‌നിയ-ഹെര്‍സെഗൊവിനക്കെതിരെ ഹോംഗ്രൗണ്ടിലെ രണ്ടാം പാദം 2-1ന് ജയിച്ചാണ് അയര്‍ലാന്‍ഡ് യൂറോപ്യന്‍ ഫുട്‌ബോളിലെ അഭിമാന ചാമ്പ്യന്‍ഷിപ്പിന് ടിക്കറ്റെടുത്തത്. ഇരുപാദത്തിലുമായി 3-1നാണ് ഐറിഷ് പട മുന്നിലെത്തിയത്. ബോസ്‌നിയയില്‍ നടന്ന ആദ്യ പാദം 1-1 ആയതോടെ തന്നെ അയര്‍ലന്‍ഡ് എവേ ഗോളിന്റെ മുന്‍തൂക്കം നേടിയിരുന്നു.
ആവേശകരമായ രണ്ടാം പാദത്തില്‍ ജോന്‍ വാള്‍ട്ടേഴ്‌സിന്റെ ഇരട്ട ഗോളുകളാണ് അയര്‍ലാന്‍ഡിന് ജയമൊരുക്കിയത്. ഇരുപത്തിനാലാം മിനുട്ടില്‍ വിവാദ പെനാല്‍റ്റി ഗോളില്‍ വാള്‍ട്ടേഴ്‌സ് ലീഡ് നേടി. എഴുപതാം മിനുട്ടില്‍ നെടുനീളന്‍ ഷോട്ടിലൂടെ വാള്‍ട്ടേഴ്‌സ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തു. ഡാറില്‍ മുര്‍ഫിയുടെ ക്രോസ് ബോള്‍ ബോസ്‌നിയയുടെ എര്‍വിന്‍ സുകാനോവിചിന്റെ ഹാന്‍ഡ് ബോള്‍ ആയതാണ് പെനാല്‍റ്റിക്ക് കാരണം.
ഇത്പക്ഷേ, കൈയ്യില്‍ തട്ടിയില്ലെന്ന് വ്യക്തമായിരുന്നു. 2010 ലോകകപ്പ് പ്ലേഓഫില്‍ അയര്‍ലാന്‍ഡ് ഫ്രാന്‍സിനോട് പരാജയപ്പെട്ടത് സമാനമായ ഹാന്‍ഡ്‌ബോള്‍ വിവാദത്തിലായിരുന്നു. പുറത്തേക്ക് പോയ പന്ത് കൈകൊണ്ട് തട്ടി അകത്തേക്കിട്ടായിരുന്നു ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയറി ഓന്റി അയര്‍ലാന്‍ഡിന്റെ തോല്‍വിക്ക് കാരണമായ ഗോള്‍ ഒരുക്കിയത്.
കഴിഞ്ഞ ദിവസം ഹംഗറി 2-1ന് നോര്‍വെയെ തോല്‍പ്പിച്ച് യോഗ്യത നേടിയിരുന്നു. ഇരുപാദത്തിലുമായി 3-1ന് ഹംഗറി മുന്നിലെത്തി.