Connect with us

Wayanad

നഗരസഭകളില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഇന്ന്

Published

|

Last Updated

കല്‍പ്പറ്റ: മുനിസിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ രാവിലെ 11 മണിക്കും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനുമാണ് നടക്കുക.
തിരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേനയായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ അയാള്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പിനായുളള യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ അംഗങ്ങളുടെയോ, പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്തപക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റിവെക്കും. അപ്രകാരം മാറ്റിവെച്ച ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തില്‍ ക്വാറം നോക്കാതെ തന്നെ തിരഞ്ഞെടുപ്പ് നടത്താം.
സ്ഥാനാര്‍ഥിയെ ഒരാള്‍ നാമനിര്‍ദേശം ചെയ്യേണ്ടതും മറ്റൊരാള്‍ പിന്താങ്ങേണ്ടതുമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരില്ലാത്തപക്ഷം അയാള്‍ സ്ഥാനാര്‍ഥിയാകുന്നതിനുളള സമ്മതപത്രം ഹാജരാക്കണം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കുവാനോ ഒന്നിലധികം ആളുകളെ പിന്താങ്ങുവാനോ പാടില്ല. സ്ത്രീകള്‍ക്കും പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കും ആ വിഭാഗത്തിലെ സ്ത്രീകള്‍ക്കും സംവരണം ചെയ്ത സ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരു അംഗം സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യുകയോ പിന്തുണക്കുകയോ ചെയ്യേണ്ടതില്ല.
രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം മത്സരിക്കുമ്പോള്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയ ആള്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. തുല്യ വോട്ടുകളാണ് രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ലഭിക്കുന്നതെങ്കില്‍ നറുക്കെടുപ്പു നടത്തും. ആരുടെ പേരാണോ നറുക്കെടുക്കപ്പെടുന്നത് ആ ആള്‍ തിരഞ്ഞെടുക്കപ്പെടും. രണ്ടിലധികം സ്ഥാനാര്‍ഥികള്‍ ഉളളപ്പോള്‍ ഒരു സ്ഥാനാര്‍ഥിക്ക് മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയ മൊത്തം വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന പക്ഷം അപ്രകാരം കൂടുതല്‍ വോട്ടുകള്‍ ലഭിച്ചയാള്‍ തിരഞ്ഞെടുക്കപ്പെടും.
മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രണ്ടിലധികം ഉണ്ടായിരിക്കുകയും ആദ്യത്തെ വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയ മൊത്തം വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഏറ്റവും കുറച്ചു വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഒരു സ്ഥാനാര്‍ഥിക്ക് മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്ന മൊത്തം വോട്ടിനേക്കാള്‍ അധികം വോട്ട് ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരണം. എന്നാല്‍ മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയും അതില്‍ രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുകയും ചെയ്യുന്നപക്ഷം നറുക്കെടുപ്പ് നടത്തി ലഭിക്കുന്ന പേര് ഒഴിവാക്കേണ്ടതാണ്. അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുന്ന പക്ഷം ഇതേ രീതിയില്‍ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരണം. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് വേണ്ടി വരുമ്പോള്‍ ഓരോ ഘട്ടം വോട്ടെടുപ്പിലും വ്യത്യസ്ത നിറത്തിലുളള ബാലറ്റു പേപ്പറുകള്‍ ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചെയര്‍മാന്‍, പ്രസിഡന്റ് എന്നിവര്‍ വരണാധികാരി മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഡെപ്യൂട്ടി മേയര്‍, മേയര്‍ മുമ്പാകെയും വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ മുമ്പാകെയും, വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുമ്പാകെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ വരണാധികാരി അതു സംബന്ധിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരിനും ബന്ധപ്പെട്ട സ്ഥാപനത്തിലെ സെക്രട്ടറിക്കും നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Latest