Connect with us

Gulf

കുട്ടികളുടെ സുരക്ഷിതത്വം; അബുദാബിയില്‍ ഉച്ചകോടി

Published

|

Last Updated

കുട്ടികളുടെ സുരക്ഷക്ക് വേണ്ടി അബുദാബിയില്‍ നടന്ന ആഗോള സമ്മേളനത്തില്‍ യു എ ഇ ഉപ പ്രധാനമന്ത്രിയും
ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റു പ്രമുഖരും

അബുദാബി: കുട്ടികളുടെ സുരക്ഷക്ക് വേണ്ടി “ഞങ്ങള്‍ സംരക്ഷിക്കുന്നു” എന്ന പേരില്‍ ആഗോള സമ്മേളനം അബുദാബിയില്‍ നടന്നു.
യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു സമ്മേളനം. ആഭ്യന്തര മന്ത്രാലയമാണ് സംഘടിപ്പിച്ചത്.
ഇത് രണ്ടാമത്തെ വര്‍ഷമാണ് കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഉച്ചകോടി നടത്തുന്നത്. ഓണ്‍ലൈന്‍ വഴി കുട്ടികളെ ലൈംഗികമായ ചൂഷണത്തിന് വിധേയമാക്കുന്നതിനെതിരെയായിരുന്നു പ്രധാന ചര്‍ച്ച.
കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ചൂണ്ടിക്കാട്ടി. ഭാവിയുടെ വാഗ്ദാനങ്ങളാണവര്‍. അവരുടെ നിഷ്‌കളങ്കതയെ അട്ടിമറിക്കുകയാണ് ഗൂഢസംഘങ്ങള്‍ ചെയ്യുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവരുടെ ആശംസ സമ്മേളനത്തെ അറിയിക്കുന്നതായും ശൈഖ് സൈഫ് പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ യു എ ഇ യുവജന ക്ഷേമ-സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, കോസ്റ്ററിക്ക സെക്കന്റ് വൈസ് പ്രസിഡന്റ് അന്ന കരേന, കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാ, ഇന്ത്യോനേഷ്യയിലെ സ്ത്രീ ശാക്തീകരണ മന്ത്രി ഡോ. ജോഹാന സൂസന്ന, ജോര്‍ദാന്‍ ആഭ്യന്തരമന്ത്രി സലാമാ ഹമദ് തുടങ്ങിയവര്‍ പങ്കെടുത്തു.
അല്‍ റീം വിദ്യാലയത്തിലെ അബ്ദുല്‍ ജലീല്‍ അല്‍ ഫഹീം, മുബാറക് ബിന്‍ മുഹമ്മദ് ഫോര്‍ ഗേള്‍സ് ആന്റ് ബോയ്‌സ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു.

Latest