Connect with us

Gulf

പരാജയ ചിന്തകളെ ആട്ടിയോടിക്കുന്ന വിദ്യ കണ്ടെത്തണം

Published

|

Last Updated

യു എ ഇയില്‍ കഴിഞ്ഞ വര്‍ഷം പത്തിലധികം കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 10 മാസത്തിനിടയില്‍ എട്ട്. മിക്കവരും കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. പ്രത്യക്ഷമായ കാരണങ്ങള്‍ വെവ്വേറെയാണെങ്കിലും, അപകര്‍ഷതയാണ് പൊതുവായുള്ളത്. വിദ്യാലയ പരീക്ഷയില്‍ മാര്‍ക്ക് കുറയുമോയെന്ന ആശങ്ക ഭയത്തിന് വഴിമാറുന്നു. മാതാപിതാക്കളെയും സമൂഹത്തെയും എങ്ങനെ നേരിടണമെന്നറിയാതെ, ഉത്കണ്ഠ പെരുകുന്നു. അംബര ചുംബിയായ കെട്ടിടത്തിലെ ഫഌറ്റിലാണ് താമസമെങ്കില്‍ ആത്മഹത്യയിലേക്കുള്ള വഴി എളുപ്പമാണെന്ന് കണ്ടെത്തുന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി താഴേക്ക് ചാടുകയാണ്.
ഷാര്‍ജ അല്‍ നഹ്ദയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചടി ആത്മഹത്യ ചെയ്തത് ഇന്ത്യന്‍ കുടുംബങ്ങളെ നടുക്കിയിട്ടുണ്ട്. പരീക്ഷയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന്, രക്ഷിതാക്കളെ കൊണ്ടുവരാന്‍ വിദ്യാലയധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ നാണക്കേടിലാണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മലയാളീ കുടുംബത്തിലെ നാലു കുട്ടികളില്‍ ഏക പെണ്‍കുട്ടിയാണിത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ വല്ലാതെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കളല്ല, പെണ്‍കുട്ടിയുടേത്. ലജ്ജ കാരണം ഒരു ദുര്‍ബല നിമിഷത്തില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പൊക്കമുള്ള കെട്ടിടമായതിനാല്‍ ജീവനൊടുക്കാനുള്ള സാഹചര്യം അനുകൂലമായിരുന്നു. മാതാപിതാക്കളുടെയും മറ്റു ഉറ്റവരുടെയും തീരാദുഃഖം പെണ്‍കുട്ടി ഓര്‍ത്തില്ല. മക്കള്‍ പരീക്ഷയില്‍ തോറ്റാലുള്ളതിനേക്കാള്‍ നടുക്കവും ദുഃഖവും ആത്മാഹുതി ചെയ്താലുണ്ടാകുമെന്ന് കുട്ടികള്‍ മനസിലാക്കുന്നില്ല.
വിദ്യാലയങ്ങളിലെ പരീക്ഷ ജീവിതത്തിന്റെ അനേകം വെല്ലുവിളികളില്‍ നിസാരമായ ഒന്നു മാത്രമാണ്. പരീക്ഷയില്‍ തോറ്റ് പഠനം ഉപേക്ഷിച്ച എത്രയോ പേര്‍ ലോകത്ത് ഉന്നത നിലയിലെത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് അത്തരത്തിലൊരാളാണ്.
കുട്ടികളില്‍ ആത്മവിശ്വാസം പകരുന്ന പാഠ്യേതര കാര്യങ്ങള്‍കൂടി വിദ്യാലയങ്ങളില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇതോടൊപ്പം ചര്‍ച്ചക്ക് വിഷയമാക്കണം. കുട്ടികള്‍ക്ക് താങ്ങാവുന്ന പാഠ്യപദ്ധതികളാണ് അക്കാദമി വിദഗ്ധര്‍ തയ്യാറാക്കേണ്ടത്. ചില കുട്ടികള്‍ക്ക് ചില വിഷയങ്ങള്‍ ബാലികേറാമലയായിരിക്കും. അത്തരം കുട്ടികളെ പ്രത്യേകമായി കണ്ട്, അവരുടെ മാനസിക വ്യാപാരങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് വിദ്യാലയാധികൃതര്‍ ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍, വിദ്യാലയത്തിന്റെ പേരും പ്രശസ്തിയും നിലനിര്‍ത്താന്‍ നൂറുശതമാനം വിജയം നേടാന്‍ മാനേജ്‌മെന്റുകളും അധ്യാപകരും കുട്ടികളെ സമ്മര്‍ദത്തിലാഴ്ത്തുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടും ചോദ്യം ചെയ്യേണ്ടതാണ്. ധാര്‍മിക ബോധമുള്ള ഇച്ഛാശക്തിയുള്ള കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുന്ന വിദ്യാലയങ്ങള്‍ക്ക് സമൂഹം വില കല്‍പിക്കുന്നില്ല. വലിയ സൗകര്യങ്ങളുള്ള, നൂറു ശതമാനം വിജയമുള്ള വിദ്യാലയങ്ങളാണ് സമൂഹത്തിന് പഥ്യം.
നയ വിദഗ്ധര്‍ ലോകത്തെ മത്സരധിഷ്ഠിതമാക്കിയതിന്റെ പ്രതിഫലനം വിദ്യാലയങ്ങളില്‍ ഏറെ പ്രകടം. തോറ്റവര്‍ക്ക് സമൂഹത്തില്‍ യാതൊരു വിലയുമില്ലെന്ന അബദ്ധ ധാരണ വിദ്യാലയങ്ങളിലും ഊട്ടിയുറപ്പിക്കപ്പെടുന്നു. അസാമാന്യ പ്രതിഭയുള്ളവരും സാമൂഹിക ജീവിതത്തില്‍ പരാജയപ്പെട്ടേക്കാമെന്നും ക്ലാസ് മുറിയില്‍ തോറ്റവര്‍ ചിലപ്പോള്‍ ഉയരങ്ങള്‍ താണ്ടുമെന്നും തിരിച്ചറിയണം.
കുരുന്നുമനസുകളില്‍ നിന്ന് പരാജയ ചിന്തകളെ ആട്ടിയോടിക്കുന്ന വിദ്യകള്‍ അധ്യാപകരും രക്ഷിതാക്കളും കണ്ടെത്തണം.

---- facebook comment plugin here -----

Latest