Connect with us

Kozhikode

സമഗ്ര വികസനം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കും: മേയര്‍

Published

|

Last Updated

കോഴിക്കോട്: നഗരത്തിന്റെ സമഗ്ര വികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മേയര്‍ വി കെ സി മമ്മദ്‌കോയ. മെച്ചപ്പെട്ട ഓഫീസ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തും. നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യും.
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മേയര്‍ പരാതി പരിഹാര സെല്‍ ആരംഭിക്കും. ആഴ്ചയില്‍ ഒരു ദിവസം ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വി കെ സി മമ്മദ് കോയ പറഞ്ഞു. എല്‍ ഡി എഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കും. തെരുവ് നായ ശല്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കും. ശുചിത്വ നഗര പദ്ധതി വേഗത്തിലാക്കല്‍, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, മെച്ചപ്പെട്ട ഓഫീസ് സംവിധാനം ഒരുക്കല്‍, വികസനത്തിനായി സിറ്റി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിക്കല്‍ തുടങ്ങിയവ നടപ്പിലാക്കും. ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി ഹെല്‍പ്പ് ഡസ്‌കും ഒരുക്കും. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട് പൗരാവകാശ രേഖ പ്രസിദ്ധീകരിക്കും. റോഡുകള്‍ ശുചിയാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ കമ്മിറ്റികള്‍ രൂപവത്കരിക്കും.
നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സിറ്റി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപവത്കരിക്കും. ഗതാഗതക്കുരുക്ക് മുതല്‍ ഓവുചാല്‍ പ്രശ്‌നം വരെ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും ഫണ്ട് സമാഹരണവും നിയമവിധേയമായി ഈ കമ്മിറ്റികള്‍ വഴി തേടും. പ്രവര്‍ത്തിക്കാത്ത തെരുവ് വിളക്കുകളുടെ വാടക ഒഴിവാക്കുന്നതിന്റെ ഭാഗമായി തെരുവ് വിളക്കുകളില്‍ റീഡിംഗ് മീറ്ററുകള്‍ സ്ഥാപിക്കും. കോര്‍പറേഷന്റെ പക്കലുള്ള 3000 എല്‍ ഇ ഡി ലൈറ്റുകള്‍ ഉടന്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കുമെന്നും വി കെ സി കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സെക്രട്ടറി ടി പി സതീഷ് കുമാര്‍ സംബന്ധിച്ചു.