Connect with us

Malappuram

വോട്ട് ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിയില്ല; തിരൂര്‍ നഗരസഭയില്‍ വാഗ്വാദം

Published

|

Last Updated

തിരൂര്‍: നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്ന കൗണ്‍സില്‍ ഹാളില്‍ ഒരു മണിക്കൂര്‍ നേരം വാഗ്വാദം. സ്വകാര്യമായി വോട്ട് ചെയ്യുന്നതിന് സൗകര്യമേര്‍പ്പെടുത്താത്തതാണ് തര്‍ക്കത്തിന് കാരണമായത്. കൗണ്‍സില്‍ ഹാളില്‍ ഇടതുപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിന് സമീപത്ത് എല്‍ ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും തടിച്ചു കൂടിയിരുന്നു. മാത്രമല്ല, വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തുകയും തെറ്റുകള്‍ തിരുത്തുന്നതിനും സംശയം തീര്‍ക്കാനും പുറത്തു നിന്നുള്ളവര്‍ ഇടപെട്ടതുമാണ് മുസ്‌ലിം ലീഗ് അംഗങ്ങള്‍ പ്രകോപിതരായത്. രാവിലെ 11 ന് നടക്കേണ്ട നടപടി ക്രമങ്ങള്‍ ഏറെ വൈകിയായിരുന്നു പൂര്‍ത്തീകരിച്ചത്. മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരും റിട്ടേണിംഗ് ഓഫീസറും തമ്മില്‍ നടത്തിയ വാഗ്വാദത്തില്‍ എല്‍ ഡി എഫ് കൗണ്‍സിലര്‍മാരും ഇടപെടുകയായിരുന്നു. വോട്ടെടുപ്പില്‍ സ്വകാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെ പി ഹുസൈന്‍ വരണാധികാരി സി ഉപേന്ദ്രനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹാളിനുള്ളില്‍ തടിച്ചു കൂടിയവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടില്ലെന്ന് വരണാധികാരി ഉറപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് തുടങ്ങിയതോടെ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ വോട്ടെടുപ്പില്‍ എല്‍ ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും ഇടപെടുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ പിറകില്‍ കൂടിനിന്നവര്‍ വോട്ടെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതോടെ യു ഡി എഫിലെ കല്‍പ്പ ബാവ പ്രതിഷേധവുമായി രംഗത്തു വന്നു.
തൊട്ടു പിന്നാലെ സി എം അലി ഹാജി, പി ഐ റഹ്‌യാനത്ത്, വി കോയ മാസ്റ്റര്‍ എന്നിവരും റിട്ടേണിംഗ് ഓഫീസര്‍ക്ക് നേരെ പ്രതിഷേധമുയര്‍ത്തി. യു ഡി എഫ് റീ പോളിംഗ് ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി വരണാധികാരിയെ വളഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ ഇതിന് വഴങ്ങാതായതോടെ വോട്ടെണ്ണല്‍ പ്രക്രിയയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍ യു ഡി എഫ് അംഗങ്ങള്‍ ചെയര്‍മാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് മുദ്രാവാക്യം വിളികളോടെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. അതേ സമയം ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് പ്രക്രിയ കൈകൊണ്ട റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് യു ഡി എഫ് പരാതി നല്‍കി.

Latest