Connect with us

Wayanad

ആകാംക്ഷക്കൊടുവില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ഭരണം എല്‍ ഡി എഫിന്

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ആകാംക്ഷക്കൊടുവില്‍ കേരളാ കോണ്‍ഗ്രസ് മാണി അംഗത്തിന്റെ പിന്‍ബലത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ഭരണം എല്‍ ഡി എഫിന്. എല്‍ ഡി എഫും യു ഡി എഫും 17 വീതം സീറ്റുകള്‍ നേടി തുല്യ നില പാലിക്കുകയും ബി ജെ പി ഒരു സീറ്റ് നേടുകയും ചെയ്ത ബത്തേരി മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ അനിശ്ചിതത്തിലായിരുന്നു.
ഇരു മുന്നണികളും ബി ജെ പിയുടെ സഹായം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി യു ഡി എഫ്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്- എം ഉടക്കിയത് കോണ്‍ഗ്രസിനെയും ലീഗിനെയും വെട്ടിലാക്കി. കട്ടയാട് ഡിവിഷനില്‍ നിന്ന് ജയിച്ച കേരള കോണ്‍ഗ്രസ് -എമ്മിന്റെ ടി എല്‍ സാബുവിനെ യു ഡി എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടി എല്‍ സാബു എല്‍ ഡി എഫിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു.
ഇതോടെ എല്‍ ഡി എഫിന് ഭരിക്കാനുള്ള അവസരം ലഭിക്കുകയായിരുന്നു.സാബു വിട്ടു നിന്നാലും എല്‍ ഡി എഫിന് അനുകൂലമാകും.
രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം മത്സരിക്കുമ്പോള്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയ ആള്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. തുല്യ വോട്ടുകളാണ് രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ലഭിക്കുന്നതെങ്കില്‍ നറുക്കെടുപ്പു നടത്തും.
ആരുടെ പേരാണോ നറുക്കെടുക്കപ്പെടുന്നത് ആ ആള്‍ തിരഞ്ഞെടുക്കപ്പെടും. ടി എല്‍ സാബു വിട്ടുനിന്നാല്‍ നറുക്കെടുപ്പിനുള്ള സാധ്യത ഇല്ലാതാകും.
തന്‍മൂലം കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം രാത്രി വൈകിയും ചര്‍ച്ചകള്‍ നടത്തി. ജില്ലയില്‍ മത്സരിച്ച ഭൂരിഭാഗം സ്ഥലങ്ങളിലും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനെ കാലുവാരിയെന്നും ഇതിന് പശ്ചാത്താപമായി ബത്തേരി മുനിസിപ്പാലിറ്റിയില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ടി എല്‍ സാബുവിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ വീട് കയറി പ്രചാരണം നടത്തിയെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്.

---- facebook comment plugin here -----

Latest