Connect with us

Kozhikode

ഏഴാം ക്ലാസുകാരി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാതൃകയാകുന്നു

Published

|

Last Updated

പേരാമ്പ്ര: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഏഴാംക്ലാസുകാരി സന ഫാത്വിമ മാതൃകയാകുന്നു. ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമായതിനാല്‍ നിരന്തരം കൃത്രിമ രക്തശുദ്ധീകരണം നടത്തി ജീവന്‍ നിലനിര്‍ത്തുന്ന പേരാമ്പ്രയിലെ വിഷ്ണുപ്രിയയുടെ മുഖത്ത് ദര്‍ശിക്കാന്‍ കഴിയുന്ന അവശതയുടെ ചുളിവുകള്‍ മാറ്റാനായി പ്രവര്‍ത്തിക്കുകയാണ് ഈ പെണ്‍കുട്ടി. കുരുന്ന് പ്രായത്തില്‍ത്തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായായാണ് തന്റെ മനസിലുരുത്തിരിഞ്ഞ ആശയവുമായി രംഗത്ത് വന്നത്. പേരാമ്പ്ര ദയ പാലിയേറ്റീവ് കേന്ദ്രത്തിലെ വളണ്ടിയറാണ് ഈ ബാലിക. പേരാമ്പ്ര ഊത്രോത്ത് മീത്തല്‍ സുരേന്ദ്രന്റെ മകള്‍ വിഷ്ണുപ്രിയയുടെ വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള ചികില്‍സാ ചിലവുകള്‍ക്ക് തന്നെക്കൊണ്ട് കഴിയുന്ന ധന സമാഹരണം നടത്തുകയെന്ന ദൗത്യം ഏറ്റെടുത്താണ് സനയുടെ പ്രയാണം.

വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് അനുമതി വാങ്ങിയാണ് സന ഫാത്വിമ ഫണ്ട് ശേഖരണത്തിനിങ്ങിയത്. വെങ്ങപ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സനയുടെ ജീവകാരുണ്യ പ്രവര്‍ത്തിക്കും, ഫണ്ട് സ്വരൂപിക്കുന്നതിനും, വിഷ്ണുപ്രിയാ ചികില്‍സാ സഹായ കമ്മറ്റി രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ട്. ഒരാഴ്ചയോളമായി സ്‌കൂള്‍ വിട്ടശേഷ പലരേയും സമീപിച്ച് സഹായമഭര്‍ത്ഥിച്ച തനിക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സനഫാത്വിമ പറഞ്ഞു. കോഴിക്കോട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന പേരാമ്പ്ര സ്വദേശികളില്‍ നിന്നും, ഇവരുടെ സഹായത്തോടെ മറ്റുള്ള ഉദാരമതികളില്‍ നിന്നും കഴിയാവുന്ന തുക സമാഹരിച്ച് ചികില്‍സാ കമ്മിറ്റിയിലെത്തിക്കുകയാണ് കുട്ടിയുടെ ലക്ഷ്യം. ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം സാംസ്‌കാരിക മേഖലയിലും ശ്രദ്ധേയയാണ് ഈ വിദ്യാര്‍ത്ഥിനി. പ്രഥമ സംസ്ഥാന ബാല പുരസ്‌കാരത്തിന് ഈ വര്‍ഷം സനഫാത്വിമ അര്‍ഹയായിരുന്നു. കോട്ടയത്ത് നടന്ന ചടങ്ങില്‍ വെച്ച് തിരക്കഥാകൃത്ത് ജോണ്‍പോളാണ് അവാര്‍ഡ് സമ്മാനിച്ചത്. സ്‌കൂള്‍ മാഗസിനുകള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടിയും സന തൂലിക ചലിപ്പിച്ചിട്ടുണ്ട്. പേരാമ്പ്രയിലെ അബ്ദുല്‍സലാം-അസ്മ ദമ്പതികളുടെ മകളാണ് സനഫാത്വിമ. റിനഫാത്വിമ, മുഹമ്മദ്‌സിനാന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Latest