Connect with us

International

ഇസില്‍ വളര്‍ച്ചക്ക് കാരണം ഇറാഖ് അധിനിവേശമെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസിലിന്റെ വളര്‍ച്ചക്ക് പിന്നില്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ് നടത്തിയ ഇറാഖ് അധിനിവേശമാണെന്ന കുറ്റപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ വൈസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇറാഖില്‍ ബുഷ് നടത്തിയ കടന്നുകയറ്റമാണ് ഇസിലിന്റെ വളര്‍ച്ചക്ക് കാരണമായതെന്ന നിര്‍ണായ പരാമര്‍ശം ഒബാമ നടത്തിയത്.

ഇറാഖിലെ നടപടികളോടുള്ള വിദ്വേഷം മുതലെടുത്ത് രൂപീകരിക്കപെട്ട ഇസിലിന്റെ വളര്‍ച്ചക്ക് അനുകൂലമായ ഭീകരവാദമാണ് സിറിയയിലും വളര്‍ന്നു വരുന്നത്. സൈനികരുടെയും തട്ടികൊണ്ട് പോയവരുടെയും ശിരച്ഛേദം ചെയ്യുക, പൊതു ജനങ്ങളെ നിഷ്ഠൂരം വധിക്കുക, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടികൊണ്ടുപോയി ലൈംഗിക ചൂഷണം നടത്തുക തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പൈശാചിക ക്ര്യത്യങ്ങളാണ് ഇസില്‍ ചെയ്യുന്നത്. ഇതെല്ലാം ചെയ്തിട്ടും ഇസ്ലാമിക ഖിലാഫത്താണ് ഞങ്ങള്‍ നടപ്പിലാക്കുന്നതെന്ന ഇസില്‍ വാദം അപഹാസ്യമാണെന്നും ഒബാമ പറഞ്ഞു.

ഇസ്ലാമിക് സ്‌റ്റേറ്റ് എന്നത് അല്‍ ഖായിദയുടെ പരിണാമമാണ്. ഇറാഖിലെ ആസൂത്രണമില്ലാത്ത നശീകരണത്തിന്റെ പരിണിതഫലമാണ് ഇസില്‍. വെടിയുതിര്‍ക്കുന്നതിനു മുമ്പ് ലക്ഷ്യം ഉറപ്പിച്ചിരിക്കണം എന്ന് ഒബാമ ബുഷിനെ പറഞ്ഞു. എങ്കിലും ഇറാഖിലെയും മറ്റും അരക്ഷിതാവസ്ഥ തുടര്‍ന്ന് കൊണ്ട് പോകാനും , ലോകത്തെ ഭീതിയുടെ മുനയില്‍ നിര്‍ത്തി വിലപേശാനും ഇസിലിനെ അനുവദിക്കില്ലെന്നും ഒബാമ പറഞ്ഞു.