Connect with us

Editorial

മാണിയും ബി ജെ പിയും

Published

|

Last Updated

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇടതുപക്ഷം നേടിയ മേല്‍ക്കൈയേക്കാളും തികച്ചും പ്രതികൂലമായ സാഹചര്യത്തിലും യു ഡി എഫ് പിടിച്ചു നിന്നു എന്ന വസ്തുതയേക്കാളും ചില മാധ്യമങ്ങള്‍ പ്രധാന്യം നല്‍കിയത് ബി ജെ പി നേടിയ വിജയത്തിനായിരുന്നു. വിജയത്തിന്റെ വലിപ്പ ചെറുപ്പത്തിനപ്പുറം കേരളത്തിലൂടനീളം അവര്‍ക്ക് ആഹ്ലാദിക്കാനുള്ള അവസരങ്ങള്‍ കൈവന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ഈ വിജയങ്ങള്‍ എത്ര പൊലിപ്പിച്ച് പറഞ്ഞാലും സാധ്യതക്കൊത്ത് ശോഭനമല്ലെന്ന വിലയിരുത്തലാണ് ബി ജെ പി നേതൃത്വത്തിനുള്ളത്. കേന്ദ്ര ഭരണത്തിന്റെ ആത്മവിശ്വാസവും ഇരു മുന്നണികളെയും തുറന്ന് കാണിച്ചുള്ള പ്രചണ്ഡ പ്രചാരണവും എസ് എന്‍ ഡി പിയുമായുണ്ടാക്കിയ സഖ്യവുമെല്ലാം ചേരുമ്പോള്‍ ഇത്ര കണ്ടാല്‍ പോരാ വിജയമെന്ന് മറ്റാരേക്കാളും നന്നായി ബി ജെ പി നേതൃത്വത്തിനറിയാം. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പുതിയ ബാന്ധവങ്ങള്‍ക്ക് ശ്രമം നടത്തുന്നത്. കേരളാ കോണ്‍ഗ്രസു(എം)മായി സഖ്യത്തിന് ബി ജെ പി നടത്തുന്ന ശ്രമവും എന്‍ എസ് എസ് വിശാല ഹിന്ദു സഖ്യത്തോട് സഹകരിക്കുന്നില്ലെന്ന പരിവേദനവുമെല്ലാം ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളാ കോണ്‍ഗ്രസിനെപ്പോലുള്ള ഒരു സാമുദായിക പാര്‍ട്ടിക്ക് പിറകെ, അതിന്റെ നേതാവ് അഴിമതിക്കേസില്‍ കോടതിയുടെ കനത്ത പ്രഹരമേറ്റ് മന്ത്രി സ്ഥാനത്ത് നിന്ന് നാണം കെട്ടിറങ്ങിയ ഘട്ടത്തില്‍ പോലും, ബി ജെ പി ചെല്ലുന്നത് അങ്ങേയറ്റത്തെ ഗതികേടില്‍ നിന്നാണ്. കേരളത്തിന്റെ മതേതര മനസ്സ് ശക്തമായി നിലകൊള്ളുന്നുവെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ കേരളീയര്‍ ഫാസിസ്റ്റ്‌വിരുദ്ധരും മതനിരപേക്ഷവാദികളും രാഷ്ട്രീയ പ്രബുദ്ധരുമാണെന്നും വ്യക്തമാക്കുന്നതാണ് ബി ജെ പിയുടെ ഈ ഗതികേട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇത്തവണ നടന്ന തിരഞ്ഞെടുപ്പിന് നിര്‍ണായകമായ രാഷ്ട്രീയ പ്രാധാന്യം കൈവന്നതിന്റെ പല കാരണങ്ങളിലൊന്ന് ബി ജെ പിയുടെ സഖ്യ പരീക്ഷണമായിരുന്നു. എസ് എന്‍ ഡി പിയുമായി ബി ജെ പി ഉണ്ടാക്കിയ സഖ്യത്തെക്കുറിച്ച് വലിയ സംവാദമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പ്രചാരണങ്ങളിലും പ്രസ്താവനകളിലും ഈ കൂട്ടുകെട്ട് നിറഞ്ഞു നിന്നു. ഈ സഖ്യം വഴി കാവി ശക്തികള്‍ വന്‍ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന് ഒരു വിഭാഗം പ്രവചിച്ചു. അവിശുദ്ധവും ചരിത്രവിരുദ്ധവുമായ ഈ സഖ്യം ചില വ്യക്തികളുടെ സ്വാര്‍ഥതാത്പര്യ സംരക്ഷണത്തിന് വേണ്ടി പടച്ചുണ്ടാക്കിയതാണെന്നും അത് എങ്ങുമെത്താന്‍ പോകുന്നില്ലെന്നും മറുവാദമുയര്‍ന്നു. സി പി എമ്മാണ് ഈ ദിശയില്‍ വന്‍ പ്രചാരണം അഴിച്ചു വിട്ടത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എസ് എന്‍ ഡി പി ജനറല്‍ സേക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. നടേശന്റെ മൈക്രോ ഫൈനാന്‍സ് സംരംഭങ്ങള്‍ക്കെതിരെ ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക അഴിമതിയാരോപണം ഇന്നും വാര്‍ത്തകളില്‍ നിന്ന് ഒഴിഞ്ഞു പോയിട്ടില്ല. ആ ആരോപണങ്ങള്‍ വെള്ളാപ്പള്ളി നടേശനിലും സംഘത്തിലും വരുത്തിവെച്ച പരുക്ക് ചെറുതല്ലതാനും. ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം കൊലപാതകമായിരുന്നുവെന്ന ആരോപണം പുനരന്വേഷണത്തില്‍ കലാശിച്ചിരിക്കുന്നു. ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച അവര്‍ണോത്ഥാനത്തെയും മതേതര സങ്കല്‍പ്പങ്ങളെയും അടിച്ചു തകര്‍ത്താണ് എസ് എന്‍ ഡി പി- ബി ജെ പി സഖ്യം സാധ്യമായതെന്ന സി പി എം നേതാക്കളുടെ പ്രചാരണം മേല്‍ക്കൈ നേടി. അസ്വാഭാകവികമായ ഈ സഖ്യം വന്‍ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തെക്കന്‍ കേരളത്തില്‍ നടേശന്റെ രാഷ്ട്രീയ ലാക്കിനോ ബി ജെ പിക്കോ കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാനായില്ല. ഈ സഖ്യം ഇടതുപക്ഷത്തിന് വലിയ പരുക്കേല്‍പ്പിക്കുമെന്ന ധാരണയും പൊളിഞ്ഞു. മല എലിയെ പ്രസവിച്ചു എന്നതായിരുന്നു അവസ്ഥ.
കാര്യങ്ങള്‍ വളരെ ലളിതമാണ്. ലക്ഷണമൊത്ത സവര്‍ണ പാര്‍ട്ടിയായ ബി ജെ പിക്ക് ഒരിക്കലും ഈഴവരെ ആത്മാര്‍ഥമായി ഉള്‍ക്കൊള്ളാനാകില്ല. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് സംവരണത്തിനെതിരെയുള്ള കാഴ്ചപ്പാട് പ്രഖ്യാപിച്ചത് ഈയിടെയാണല്ലോ. മതത്തിന്റെ എല്ലാ തലത്തിലും ജാത്യാചരങ്ങളും ഉച്ചനീചത്വങ്ങളും അപ്പടി തുടരണമെന്നതാണ് സംഘ്പരിവാറിന്റെ അടിസ്ഥാന തത്വം. അപ്പോള്‍ “ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെ”യാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാര്‍ക്ക് എങ്ങനെയാണ് ബി ജെ പിയില്‍ അണി ചേരാനാകുക? അത്ര എളുപ്പത്തില്‍ ചരിത്രത്തെ മായ്ച്ച് കളയാനാകുമോ? ഒഡീഷയിലെ കന്യാസ്ത്രീകളെ ചുട്ടു കൊല്ലുന്ന സംഘ് സംഘടനകള്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് കേരളാ കോണ്‍ഗ്രസുകാര്‍ക്ക് ബി ജെ പിയുമായി സഹകരിക്കാനാകുക? രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതരും ഇത്രമേല്‍ അരക്ഷിതരായ ഒരു കാലമുണ്ടായിട്ടില്ല. അസഹിഷ്ണുത അനുവദിക്കില്ലെന്ന് വിദേശത്ത് പോയി പറയാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതമാകുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് നേതാക്കളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ചൂട്ടുപിടിച്ചു നില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ അണികള്‍ക്ക് സാധിക്കുക.
ബി ജെ പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ തത്കാലം വേരോട്ടം ഉണ്ടാകാന്‍ പോകുന്നില്ലെന്ന തിരിച്ചറിവില്‍ സൃഷ്ടിച്ചെടുക്കുന്ന പുതു ബാന്ധവങ്ങള്‍ ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വഴിവെക്കും. വെള്ളാപ്പള്ളിയോടുള്ള കൂട്ടുകെട്ട് എന്‍ എസ് എസിനോട് ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കള്‍ക്ക് രസിച്ചിട്ടില്ല. മാണിയോടടുക്കാനുള്ള ശ്രമത്തിനെതിരെയും വിരുദ്ധ സ്വരം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും മതേതര കേരളം കരുതിയിരിക്കണം. ഫാസിസം ഏത് വഴിയിലൂടെയാണ് രാഷ്ട്രീയ അധികാരം പിടിക്കുകയെന്ന് പറയാനാകില്ല. കൃത്യമായ മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരെ എല്ലാ അര്‍ഥത്തിലും പിന്തുണക്കുകയെന്നതാണ് കാലമേല്‍പ്പിക്കുന്ന ദൗത്യം. സഹവര്‍തിത്വത്തോടെ നീങ്ങുന്ന സങ്കലിത സമൂഹം മാത്രമാണ് ഫാസിസത്തിനുള്ള മറുപടി.

Latest