Connect with us

Gulf

ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി എലിസീ പാലസില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞയാഴ്ച പാരീസില്‍ നടന്ന ഭീകരാക്രമണത്തില്‍ ഫ്രഞ്ച് പ്രസിഡന്റിന് അദ്ദേഹം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അനുശോചനം അറിയിച്ചു.
നയതന്ത്രബന്ധം, വിവിധ മേഖലകളില്‍ അത് വളര്‍ത്തുന്നതിനുള്ള വഴികള്‍, രാജ്യങ്ങള്‍ താത്പര്യപ്പെടുന്ന പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങള്‍ തുടങ്ങിയവ ഇരുവരും ചര്‍ച്ച ചെയ്തു. ചര്‍ച്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ ഖത്വരി നേതൃത്വത്തിന്റെയും സര്‍ക്കാറിന്റെയും ജനങ്ങളുടെയും ദുഃഖം പ്രധാനമന്ത്രി പങ്കുവെച്ചു. അസ്ഥിരതയും അരക്ഷിതാവസ്ഥയും വിതക്കാനാണ് തീവ്രവാദ ആക്രമണങ്ങള്‍. സൗഹൃദ രാഷ്ട്രങ്ങള്‍ തമ്മിലുള്ള താത്പര്യ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. അദ്ദേഹം അറിയിച്ചു.
ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സുമായും അദ്ദേഹം നയതന്ത്ര ചര്‍ച്ചകള്‍ നടത്തി. വാള്‍സിന്റെ ഡിന്നര്‍ വിരുന്നിലും അദ്ദേഹം പങ്കെടുത്തു. ആഭ്യന്തര മന്ത്രി ബെര്‍ണാര്‍ഡ് കാസന്യോവുമായും ചര്‍ച്ച നടന്നു. ഫ്രഞ്ച് നാഷനല്‍ അസംബ്ലിയിലെ ഫ്രഞ്ച്- ഖത്വരി ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ മേധാവി മൗറിസ് ലിറോയിയുമായി പെനിന്‍സുല പാരീസ് ഹോട്ടലില്‍ വെച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

Latest