Connect with us

Sports

ഐ എസ് എല്ലില്‍ ഗോള്‍ഫെസ്റ്റ്;ഗോള്‍ഡന്‍ ബൂട്ടിനായി സൂപ്പര്‍ പോരാട്ടം

Published

|

Last Updated

സുനില്‍ ഛേത്രി,മെന്‍ഡോസ

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരം വാശിയേറിയതാകുന്നു. ആറു ഗോളുകളുമായി മുംബൈ സിറ്റിയുടെ ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയും ചെന്നൈയിന്‍ എഫ് സിയുടെ സ്റ്റീഫന്‍ മെന്‍ഡോസയുമാണ് പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അഞ്ച് ഗോളുമായി കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്രിസ് ഡാഗ്‌നലും തൊട്ടുപിറകിലുണ്ട്.
കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററും ചെന്നൈയിന്‍ എഫ് സിയുടെ മാര്‍ക്വൂ താരവുമായ എലാനോ ബ്ലൂമര്‍, കൊല്‍ക്കത്തയുടെ അരാത്ത ഇസുമി, ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം മുഹമ്മദ് റാഫി, എഫ് സി പൂനെ സിറ്റിയുടെ കാലു ഉച്ചെ, ഡല്‍ഹി ഡൈനാമോസിന്റെ റിച്ചാര്‍ഡ് ഗാഡ്‌സെ, നോര്‍ത്ത് ഈസ്റ്റിന്റെ നിക്കോളാസ് വെലസ് എന്നിവര്‍ നാലു ഗോള്‍ വീതം നേടി ഗോള്‍ഡണ്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ പിന്നാലെയുണ്ട്.

ലീഗില്‍ പത്ത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 113 ഗോളുകളാണ് പിറന്നത്. ഇതില്‍ നാലു ഹാട്രിക്കുകളും ഉള്‍പ്പെടുന്നു. സ്റ്റീഫന്‍ മെന്‍ഡോസ, സുനില്‍ഛേത്രി, ഇയാന്‍ ഹ്യൂം, ഹോയ്കിപ് എന്നിവരാണ് ഹാട്രിക് നേടിയ താരങ്ങള്‍.

നാലു ഹാട്രിക്കുകളില്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും ഒപ്പത്തിനൊപ്പമാണെങ്കിലും മൊത്തം ഗോള്‍ നേട്ടത്തില്‍ വിദേശതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളേക്കാള്‍ മുന്നിലാണ്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് കഴിഞ്ഞദിവസം നടന്ന എഫ് സി ഗോവ-മുംബൈ സിറ്റി എഫ് സി മത്സരത്തിലാണ്. ആ മത്സരത്തിലെ ഏഴു ഗോളുകളില്‍ രണ്ട് ഹാട്രിക്കും ഉള്‍പ്പെടുന്നു.

പ്രഥമ സീസണില്‍ പ്രാഥമിക റൗണ്ടില്‍ 56 മത്സരങ്ങളില്‍നിന്നായി 121 ഗോളുകളായിരുന്നു പിറന്നതെങ്കില്‍ ഇത്തവണ ആ പരിധി കടക്കുമെന്നുറപ്പാണ്. ഇതുവരെ 41 മത്സരങ്ങളില്‍നിന്നായി 113 ഗോളുകള്‍ പിറന്നു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ടോപ് സ്‌കോററായ എലാനോ നേടിയത് ആറ് ഗോളുകളായിരുന്നുവെങ്കില്‍ ഇത്തവണ സുനില്‍ ഛേത്രിയും മെന്‍ഡോസയും ആറുഗോളുകള്‍ ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞിട്ടുണ്ട്. ലീഗില്‍ സെമിഫൈനലില്‍ ഇടം നേടുന്ന ടീമുകള്‍ക്ക് ഏഴ് മത്സരങ്ങളും മറ്റു ടീമുകള്‍ക്ക് നാലും മത്സരങ്ങള്‍ കളിക്കാനുണ്ടെന്നിരിക്കെ ആരാകും ടോപ് സ്‌കോറര്‍ എന്നത് പ്രവചനാതീതമാണ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും എഫ് സി പൂനെ സിറ്റിയും പതിനൊന്ന് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഗോള്‍ നേട്ടത്തില്‍ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള ആരും ഗോള്‍ഡണ്‍ ബൂട്ടിന് അര്‍ഹനാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
എഫ് സി ഗോവയുടെ ഡുഡു, റിയനാള്‍ഡോ, ജോനാതന്‍ ലൂക്ക, ഹോക്കിപ്പ്, ബ്ലാസ്റ്റേഴ്‌സിന്റെ അന്റോണിയോ ജര്‍മന്‍, നോര്‍ത്ത് ഈസ്റ്റ് താരങ്ങളായ സിമാവോ സബ്‌റോസ, ടുന്‍കെ സാന്‍ലി, മുംബൈ സിറ്റിയുടെ ഫ്രെഡറിക് പിക്വോനെ എന്നിവര്‍ മൂന്ന് ഗോള്‍ വീതം നേടിയിട്ടുണ്ട്.
ആറു കളിക്കാര്‍ രണ്ടുഗോള്‍വീതവും 28 പേര്‍ ഒരോ ഗോള്‍ വീതവും നേടിയിട്ടുണ്ട്.ഏഴ് മത്സരങ്ങളിലായി 630 മിനിറ്റ് കളിച്ച ഒന്നാം സ്ഥാനത്തുള്ള സുനില്‍ ഛേത്രി മൂന്ന് പെനാല്‍ട്ടി ഗോളുകള്‍ ഉള്‍പ്പെടെയാണ് ആറു ഗോളുകള്‍ നേടിയതെങ്കില്‍ മെന്‍ഡോസ ഒമ്പത് മത്സരങ്ങളിലായി 651 മിനിറ്റ് കളിച്ചാണ് ആറ് ഗാളുകള്‍ കണ്ടെത്തിയത്. എലാനോ ബ്ലൂമറും സിമാവോ സബ്‌റോസയും രണ്ട് ഗോളുകള്‍ പെനാല്‍ട്ടിയില്‍നിന്ന് നേടിയപ്പോള്‍ അന്റോണിയോ ജര്‍മന്‍, ജോനാതന്‍ ലൂക്ക, ജോണ്‍ ആര്‍നെ റീസ് എന്നിവര്‍ ഓരോ ഗോളുകള്‍ പെനാല്‍ട്ടിയില്‍നിന്നും നേടി.

 

Latest