Connect with us

National

ഇന്ത്യയില്‍ ജനാധിപത്യത്തെക്കാള്‍ പ്രിയം മതസ്വാതന്ത്ര്യം: സര്‍വേ

Published

|

Last Updated

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പിനെക്കാള്‍ പ്രധാന്യം മതപരമായ സ്വാതന്ത്ര്യത്തിനാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയില്‍ ഏറെയന്ന് സര്‍വേ റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പത്തില്‍ എട്ട് പേരും മതസ്വാതന്ത്ര്യത്തിനാണ് ജനാധിപത്യത്തെക്കാള്‍ വിലകല്‍പ്പിക്കുന്നതെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ അഞ്ച് മുതല്‍ മെയ് 21 വരെയാണ് സര്‍വേ നടന്നത്. 38 രാജ്യങ്ങളില്‍ നിന്നുള്ള 40,786 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഭൂരിപക്ഷം രാജ്യങ്ങളിലെയും ജനങ്ങള്‍ ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം, പത്രസ്വാതന്ത്യം, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കിയപ്പോഴാണ് ഇന്ത്യയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു വിഭാഗം ആളുകള്‍ മതസ്വാതന്ത്ര്യമാണ് പ്രധാനം എന്ന് അഭിപ്രായപ്പെട്ടത്. സര്‍വേയുമായി സഹകരിച്ച 38 രാജ്യങ്ങളില്‍ നിന്നുമായി 74 ശതമാനം പേരാണ് ഈ ചിന്താഗതിക്കാര്‍. ഈ ചിന്താഗതിയുള്ള 84 ശതമാനം പേരാണ് ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയില്‍ നിന്നും ഇത്രയും ആളുകള്‍ ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. പാക്കിസ്ഥാനും ഇന്തോനേഷ്യയും ഏറെക്കുറെ ഇതേ ചിന്താഗതി പ്രകടിപ്പിക്കുമ്പോള്‍, വെറും 24 ശതമാനം ജപ്പാന്‍കാര്‍ മാത്രമാണ് മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നത്.
തിരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിന്റെ പരമപ്രധാനമായ ഭാഗമായാണ് കണക്കാക്കുന്നത്. എന്നാല്‍, സര്‍വേയില്‍ പങ്കെടുത്ത 38 രാജ്യങ്ങളില്‍ നിന്നുള്ള 61 ശതമാനം പേര്‍ മാത്രമേ ഇത് അംഗീകരിക്കുന്നുള്ളൂ. അതിലാകട്ടെ ഇന്ത്യ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പകുതി പേര്‍ പോലും ഇല്ലെന്നാണ് സര്‍വേ പറയുന്നത്. സത്യസന്ധമായ തിരഞ്ഞെടുപ്പ് സാധ്യമാകണമെന്ന് 49 ശതമാനം ഇന്ത്യക്കാരേ ആഗ്രഹിക്കുന്നുള്ളൂ.
അതേസമയം, 71 ശതമാനം ഇന്ത്യക്കാര്‍ സ്ത്രീപുരുഷ സമത്വം വേണമെന്ന അഭിപ്രായക്കാരാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോള കണക്കെടുത്താല്‍ ഇത് 65 ശതമാനം മാത്രമേ വരുന്നുള്ളൂ.
മാധ്യമ സെന്‍സര്‍ഷിപ്പിനെ തള്ളിക്കളയാന്‍ 41 ശതമാനം ഇന്ത്യക്കാരെ തയ്യാറായുള്ളൂ എന്നും സര്‍വേ പറയുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതാകട്ടെ വെറും 38 ശതമാനം പേരും.

Latest