Connect with us

International

ഇസിലിന്റെ വളര്‍ച്ചക്ക് കാരണം ബുഷിന്റെ ഇറാഖ് അധിനിവേശം : ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസിലിന്റെ വളര്‍ച്ചക്ക് പിന്നില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് ആണെന്ന കുറ്റപ്പെടുത്തലുമായി ബരാക് ഒബാമയും രംഗത്ത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ വൈസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇറാഖില്‍ ബുഷ് നടത്തിയ കടന്നുകയറ്റമാണ് ഇസിലിന്റെ ആകസ്മികമായ വളര്‍ച്ചക്ക് കാരണമായത് എന്നാണ് ഒബാമയുടെ കുറ്റപ്പെടുത്തല്‍.
ഇറാഖിലെ നടപടികളോടുള്ള വിദ്വേഷം മുതലെടുത്ത് രൂപവത്കരിക്കപ്പെട്ട ഇസിലിന്റെ വളര്‍ച്ചക്ക് അനുകൂലമായ ഭീകരവാദമാണ് സിറിയയിലും വളര്‍ന്നു വരുന്നത്. സൈനികരെയും തട്ടികൊണ്ട് പോയവരെയും ശിരച്ഛേദം ചെയ്യുക, പൊതു ജനങ്ങളെ നിഷ്ഠൂരം വധിക്കുക, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടികൊണ്ടുപോയി ലൈംഗിക ചൂഷണം നടത്തുക തുടങ്ങി എണ്ണിയലൊടുങ്ങാത്ത പൈശാചിക കൃത്യങ്ങള്‍ ഈ മേഖലകളിലെ തീവ്രവാദ സംഘങ്ങള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്. ഇതെല്ലാം ചെയ്തിട്ടും ഇസ്‌ലാമിക ഖിലാഫത്ത് ആണ് ഞങ്ങള്‍ നടപ്പിലാക്കുന്നത് എന്ന ഇസിലിന്റെ വാദം അപഹാസ്യമാണെന്നും ഒബാമ പറഞ്ഞു.
ഇസില്‍ എന്നത് അല്‍ ഖാഇദയുടെ പരിണാമമാണ്. ഇറാഖിലെ ആസൂത്രണമില്ലാത്ത നശീകരണത്തിന്റെ പരിണിതഫലമാണ് ഇസില്‍ എന്ന് ആവര്‍ത്തിച്ച ഒബാമ, വെടിയുതിര്‍ക്കുന്നതിനു മുമ്പ് ലക്ഷ്യം ഉറപ്പിച്ചിരിക്കണമായിരുന്നു എന്ന് ബുഷിനെ ഉപദേശിക്കുകയും ചെയ്തു.
എങ്കിലും ഇറാഖിലെയും മറ്റും അരക്ഷിതാവസ്ഥ തുടര്‍ന്ന് കൊണ്ട് പോകാനും, ലോകത്തെ ഭീതിയുടെ മുനയില്‍ നിര്‍ത്തി വിലപേശാനും ഇസിലിനെ അനുവദിക്കില്ലന്നു ഒബാമ ഉറപ്പിച്ചു പറഞ്ഞു. ഏത് വിധേനെയും ഇറാഖില്‍ നിന്ന് ഇസിലിനെ തുടച്ചു നീക്കുമെന്ന് ആത്മവിശ്വാസം പ്രകടപ്പച്ച ഒബാമ, ഇതിനു അറുപതോളം രാജ്യങ്ങള്‍ പിന്തുണ അറിയിച്ചതായും പറഞ്ഞു.
വിദ്യാഭ്യാസമില്ലായ്മയും നല്ലഭാവിയെ കുറിച്ചുള്ള മാനസിക വീക്ഷണമില്ലായ്മയും ആണ് ഇസില്‍ പോലുള്ള സംഘങ്ങള്‍ക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നത്. സമൂഹത്തിലെ ചിലരെങ്കിലും കല്‍പ്പിച്ചു നല്‍കുന്ന നായക പരിവേഷവും, അനര്‍ഹമായ ബഹുമാനവും ഇവരെ ഒരു അഭിനവ പോരാളികള്‍ ആക്കുന്നു. ഇത്തരം ശിഥിലമായ നിലപാടുകള്‍ ലോകത്തിലെ തന്നെ എറ്റവും വലിയ കുറ്റവാളി സംഘത്തെ ആണ് സൃഷ്ടിക്കുന്നത് . അവസാനം എല്ലാത്തിനും മതത്തിന്റെ നിറവും ചാര്‍ത്തും. ഇത്തരക്കാരോട് പരിതപിക്കാനേ കഴിയൂ- ഒബാമ കൂട്ടിച്ചേര്‍ത്തു.

 

Latest