Connect with us

Gulf

വൈരുധ്യങ്ങള്‍ ഇല്ലാതായാല്‍ എഴുത്തും ഇല്ലാതാകും: കെ ഇ എന്‍

Published

|

Last Updated

ദോഹ: പലതരത്തിലുള്ള വൈരുധ്യങ്ങള്‍ ഉള്ളപ്പോഴാണ് എഴുത്ത് നിലനില്‍ക്കുന്നതെന്നും ഇത്തരം അവസ്ഥ ഇല്ലാതാകുന്നതോടെ എഴുത്തും ആവിഷ്‌കാരവും അവസാനിക്കുമെന്നും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകരാനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ്. ഫ്രന്‍ഡ്‌സ് കള്‍ചറല്‍ സെന്റര്‍ ഖത്വര്‍ കേരളീയത്തില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായായിരുന്നു. സംസ്‌കാരം എന്നത് കലര്‍പ്പിന്റെ കരുത്തും കാന്തിയുമാണ്. അതിനെ ഒറ്റനുകത്തിലേക്ക് കെട്ടാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.
എല്ലാ അധിനിവേശ ശക്തികളും ശ്രമിക്കുന്നത് ജനതയുടെ ജീവിക്കുന്ന സംസ്‌കാരത്തെ ജീവനില്ലാതാക്കി മാറ്റാനാണ്. സംസ്‌കാരത്തെ എങ്ങനെ മ്യൂസിയം പീസുകളാക്കി മാറ്റാമെന്നതാണ് അവരുടെ ചിന്ത. കേരളീയത എന്നത് തുപ്പല്‍ കോളാമ്പിയും വെറ്റില ചെല്ലവും ഒക്കെയടങ്ങിയ മ്യൂസിയം വസ്തുക്കളുടെ പ്രദര്‍ശനമാണ് എന്ന് വരുത്തിതീര്‍ക്കുന്നത് ഇത്തരം കാഴ്ചപ്പാടുകളില്‍ നിന്നാണ്. കേരളീയത എന്ന് പറയുന്നത് കേരളത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന മനുഷ്യരുടെ സംവാദവും സൗഹൃദവുമൊക്കെയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യത്യസ്തകളെയും വൈവിധ്യങ്ങളെയും വിരോധങ്ങളാക്കി മാറ്റുമ്പോഴാണ് പ്രതിസന്ധികള്‍ രൂപപ്പെടുന്നത്. വ്യത്യസ്തകളെ വളരാന്‍ അനുവദിക്കുകയെന്നാണ് സംസ്‌കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാട്.
യോജിപ്പും വിയോജിപ്പും കൂടിച്ചേരാന്‍ സഹായിക്കുന്ന അന്തരീക്ഷമാണ് സംസ്‌കാരത്തിന്റെ സൗന്ദര്യം. ഈ സംസ്‌കാരത്തിന് ഊര്‍ജം പകരാന്‍ കലകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. എല്ലാ കലകളെയും സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എഫ് സി സി പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളീയം സാംസ്‌കാരികോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഇന്നു വൈകുന്നേരം മൂന്നിന് സാമൂഹിക വികസന വകുപ്പ് മേധാവി അബ്ദുന്നാസര്‍ യാഫിഇ ഉദ്ഘാടനം ചെയ്യും. ശൈഖ് ഫൈസല്‍ ബിന്‍ കാസിം അല്‍ സാഹ മുഖ്യാതിഥിയാകും. അഞ്ചിന് നടന്‍ ശ്രീനിവാസന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. “ജനാധിപത്യവും ജീവിതവും” എന്ന വിഷയത്തില്‍ കെ ഇ എന്‍ സംസാരിക്കും. 500ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന കള്‍ചറല്‍ തീം ഷോ “മുത്താമ” അരങ്ങേറും. സാമ്രാജ്യത്തവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രവും കേരളീയ സൗഹൃദ ചരിത്രവും ഉള്‍പെടുത്തിയ സംഗീതാവിഷ്‌കാരവും ഉണ്ടാകും.
വനിതാവേദിയുടെ ഫുഡ് എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്. വടംവലി മത്സരം ഉച്ചക്ക് ഒന്നു മുതല്‍ എം ഇ എസ് സ്‌കൂള്‍ ഗ്രൗഡില്‍ ആരംഭിക്കും. കേരളീയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വേദിയില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ ശ്രീനിവാസന്‍, സ്വാഗതസംഘം ഭാരവാഹികളായ കെ മുഹമ്മദ് ഈസ, ആവണി വിജയകുമാര്‍, ഹബീബ്‌റഹ്മാന്‍ കിഴിശ്ശേരി പങ്കെടുത്തു.

Latest