Connect with us

Gulf

മഴ ചോദിച്ച് നാടെങ്ങും പ്രാര്‍ഥനകള്‍

Published

|

Last Updated

ദോഹ: മഴക്ക് വേണ്ടിയുള്ള നിസ്‌കാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. രാവിലെ അല്‍ വജ്ബ മുസ്വല്ലയില്‍ നടന്ന നിസ്‌കാരത്തിലാണ് അമീര്‍ പങ്കെടുത്തത്. സാധാരണ നിലക്കുള്ള മഴ വൈകുമ്പോള്‍ മഴക്കുവേണ്ടിയുള്ള നിസ്‌കാരം പ്രവാചകചര്യയില്‍ പെട്ടതാണ്. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രാര്‍ഥനക്ക് ശേഷം കെസ്സേഷന്‍ കോര്‍ട്ട് ജഡ്ജി യും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് തഖീല്‍ ബിന്‍ സായിര്‍ അല്‍ ശമ്മാരി ഉദ്‌ബോധന പ്രസംഗം നടത്തി. പാപമോചനം നടത്താനും സകാത് നല്‍കാനും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന നടന്നു.
അതേസമയം, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലും മറ്റും പ്രാര്‍ഥന നടത്തി. വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ കുറച്ചുദിസവങ്ങളായി കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. സൈബീരിയന്‍ അതിസമ്മര്‍ദം കാരണം ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇത് അടുത്ത ചൊവ്വാഴ്ച വരെ നീണ്ടുനീല്‍ക്കും.
വടക്കന്‍ കാറ്റ് കാരണം രാത്രിയും അതിരാവിലെയും തണുപ്പ് കൂടാനും സാധ്യതയുണ്ട്. ദോഹയില്‍ കൂടിയ താപനില 24-26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. കുറഞ്ഞത് 17-20 ഡിഗ്രിയും.