Connect with us

Kerala

സേവനാവകാശ നിയമം കര്‍ണാടക മോഡല്‍ നടപ്പാക്കാന്‍ നീക്കം

Published

|

Last Updated

കൊച്ചി: സേവനാവകാശ നിയമം ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയാരംഭിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പുവരുത്താനുള്ള സുപ്രധാന നിയമനിര്‍മാണത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി ഡി വി സദാനന്ദഗൗഡ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തും ഇത് പരിശോധിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശവും അടക്കമുള്ള രേഖകള്‍ ലഭിച്ചത്.
2011ല്‍ കര്‍ണാടകയില്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ സകാല സര്‍വീസസ് നിയമത്തിന്റെ മാതൃകയില്‍ ദേശീയതലത്തില്‍ സേവനാവകാശ നിയമം നടപ്പാക്കണമെന്നാണ് സദാനന്ദ ഗൗഡ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം പരിശോധിച്ച പ്രധാനമന്ത്രി തുടര്‍ നടപടികള്‍ പരിശോധിക്കാന്‍ രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു.
യു പി എ സര്‍ക്കാര്‍ 2011 ഡിസംബര്‍ 20ന് കേന്ദ്ര സേവനാവകാശ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചുവെങ്കിലും 14ാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്ല് ലാപ്‌സായി. സേവനാവകാശ നിയമം നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനാവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനുവാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ ഓഫീസറായ വി ശേഷാദ്രിക്ക് അപേക്ഷ നല്‍കിയത്.