Connect with us

Kerala

വിവരാവകാശ നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം

Published

|

Last Updated

കൊച്ചി: 2005ലെ വിവരാവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയില്‍ നിന്ന് ഉത്തരവ് ലഭിച്ചതിനാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് സംസ്ഥാന പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. അപ്രസക്തവും വ്യാജവുമായ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതിനാല്‍ വിവിധ വകുപ്പുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളടക്കം അഞ്ച് കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അടിയന്തര നിര്‍ദേശം തേടിയിരിക്കുന്നത്. ഇത് വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിവരാവകാശ സംഘടനകള്‍ ആരോപിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സ്വീകരിച്ച വിവരാവകാശ അപേക്ഷകള്‍, ഇതില്‍ എത്ര അപേക്ഷകളില്‍ അപേക്ഷകന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞു, എത്ര അപേക്ഷകര്‍ സംസ്ഥാന- കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു, വിവരാവകാശ നിയമം മൂലം ഉണ്ടായിട്ടുള്ള മറ്റ് പ്രയാസങ്ങള്‍ എന്തെല്ലാം എന്നീ വിവരങ്ങളാണ് സര്‍ക്കുലറില്‍ ചോദിച്ചിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്ര സര്‍ക്കാറിനെ അറിയിക്കേണ്ടതിനാല്‍ പൂര്‍ണവിവരങ്ങള്‍ എത്രയും വേഗം ലഭ്യമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍, ജില്ലാ കലക്ടര്‍മാര്‍, വകുപ്പ് തലവന്മാര്‍, പൊതുമേഖലാ- സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടാണ് സര്‍ക്കാര്‍ നിര്‍ദേശം ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സുതാര്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും സംവിധാനത്തിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതിനുമാണ് വിവരാവകാശ നിയമം ഭേഗദതി ചെയ്യുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും വിവരാവകാശ അപേക്ഷകള്‍ സര്‍ക്കാറിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഭേഗഗതിക്ക് നീക്കം നടക്കുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
വിവിധ വകുപ്പുകളില്‍ നിന്നു മാത്രം നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ വിവരാവകാശ സംഘടനകളുടെ നിലപാട് ആരായാന്‍ തയ്യാറാകാത്തത് നിയമഭേദഗതിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. രണ്ട് ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുന്ന സര്‍ക്കാര്‍ 98 ശതമാനം വരുന്ന പൊതു ജനത്തിന്റെ അഭിപ്രായം പരിഗണിക്കാന്‍ തയ്യാറാകാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു പറഞ്ഞു.

Latest