Connect with us

International

മുസ്‌ലിംകളെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: രാജ്യത്തെ മുസ്‌ലിംകളെ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കുക മാത്രമാണ് ഭീകരാക്രമണം തടയാനുള്ള പോംവഴിയെന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം. രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ മുസ്‌ലിംകളെ എല്ലാ അര്‍ഥത്തിലും പിന്തുടരുന്ന ഒരു ഡാറ്റാബേസ് സംവിധാനമൊരുക്കണമെന്നാണ് ട്രംപ് വാര്‍ത്താ ചാനലിനോട് പറഞ്ഞത്. പള്ളികളെ കൃത്യമായ നിരീക്ഷണത്തില്‍ കൊണ്ടു വരണം. മുസ്‌ലിംകളെ ഓരോരുത്തരെയും നിരീക്ഷിക്കണം. പണ്ടത്തെ പോലുള്ള നിരീക്ഷണം പോര. പുതിയ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന നിരീക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ ഒരു തെറ്റുമില്ല- റിപ്പബ്ലിക്കന്‍ നേതാവ് പറഞ്ഞു. ആവശ്യമെങ്കില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും മുസ്‌ലിംകള്‍ക്ക് പ്രത്യേക ഐ ഡി കാര്‍ഡ് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനക്കെതിരെ അമേരിക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രസ്താവന ലജ്ജാഹീനവും അപകടകരവുമാണെന്ന് ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി മേധാവി ഡെബ്ബി വാസര്‍മാന്‍ ഷട്‌സ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മനോഗതിയാണ് ഇത് കാണിക്കുന്നത്. ഈ മനോഗതി അമേരിക്കയുടെ ചരിത്രത്തെ നിരാകരിക്കുന്നതാണെന്നും ഷട്‌സ് പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ദി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്‌ലാമിക് റിലേഷന്‍സ്(കെയര്‍) പ്രസ്താവനയില്‍ പറഞ്ഞു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെബ് ബുഷും ടെഡ് ക്രൂസും സമാനമായ മുസ്‌ലിം വിരുദ്ധ പ്രസ്താവന നടത്തിയിരുന്നു. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ മതപരമായ പരിശോധനക്ക് വിധേയമാക്കണമെന്നായിരുന്നു ഇവര്‍ പറഞ്ഞത്.