Connect with us

Kozhikode

തിരഞ്ഞെടുപ്പില്‍ കടുത്ത അവഗണന; സി പി ഐ നിര്‍വാഹക സമിതി യോഗം നാളെ

Published

|

Last Updated

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ഭാഗത്ത് നിന്ന് കടുത്ത അവഗണന നേരിട്ടതായി സി പി ഐ. ഇത് അവലോകനം ചെയ്യുന്നതിനായി സി പി ഐ ജില്ലാ നിര്‍വാഹക സമിതി നാളെ ചേരും.
അതോടൊപ്പം മുന്നണിയില്‍ ശക്തമായി വാദിച്ച് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ വാങ്ങിയെടുക്കുന്നതില്‍ നേതൃത്വത്തിന് പറ്റിയ വീഴ്ചയും ചര്‍ച്ചയാകും. തദ്ദേശ അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പില്‍ മുന്നണി മര്യാദകള്‍ ലംഘിച്ച് സി പി എം പലയിടത്തും കരുക്കള്‍ നീക്കിയതായും ഇത് പാര്‍ട്ടിക്ക് വലിയ ക്ഷീണം വരുത്തിയതായും സി പി ഐ നേതാക്കള്‍ പറയുന്നു. സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന നിലപാടിലാണ് സി പി ഐ.
അത്തോളി പഞ്ചായത്തില്‍ സി പി എം അംഗം വോട്ടുമാറി ചെയ്തതിനെ തുടര്‍ന്ന് സി പി ഐയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി തോറ്റ വിഷയം ഏറെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. അത്തോളിയിലേത് സി പി എം മനഃപൂര്‍വം നടത്തിയ നാടകമാണെന്ന രീതിയിലുള്ള പ്രചാരണം വ്യാപകമാണ്.
തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ മുതല്‍ സി പി എം തങ്ങളെ ഒതുക്കിയതായി സി പി ഐയിലെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തില്‍ പോലും സി പി ഐക്ക് അധ്യക്ഷസ്ഥാനം നല്‍കിയില്ല. പേരാമ്പ്ര ബ്ലോക്കില്‍ വൈസ് പ്രസിഡന്റ് പദവി നല്‍കാമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അട്ടിമറിക്കപ്പെട്ടു. ഈ വിഷയങ്ങളെല്ലാം നാളത്തെ യോഗത്തില്‍ ചര്‍ച്ചക്ക് വരും.

Latest