Connect with us

Malappuram

തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലെ ഭിന്നത; നേതൃത്വ നിര്‍ദേശ പ്രകാരമെന്ന് കോണ്‍ഗ്രസിലെ ഇരു വിഭാഗവും

Published

|

Last Updated

തിരൂരങ്ങാടി: നഗരസഭാ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ലീഗിന് വോട്ട് ചെയ്ത കോണ്‍ഗ്രസ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് മാറി നിന്ന അംഗങ്ങളും തങ്ങളുടെ നിലപാട് നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണെന്ന്. യു ഡി എഫ് മുന്നണിയായി മത്സരിച്ച് വിജയിച്ച ഇവിടെ ആകെയുള്ള 39 അംഗങ്ങളില്‍ യു ഡി എഫിന് മുപ്പത് അംഗങ്ങളാണുള്ളത്. മുസ്‌ലിം ലീഗിന് 22ഉം കോണ്‍ഗ്രസിന് ഏഴും സി എം പിക്ക് ഒന്നും. കഴിഞ്ഞ ദിവസം നടന്ന ചെയര്‍ പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ലീഗിലെ കെ ടി റഹീദക്കാണ് കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും വോട്ടു ചെയ്തത്. എന്നാല്‍ ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ലീഗിലെ എം അബ്ദുറഹ്മാന്‍കുട്ടിക്ക് കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങള്‍ വോട്ടുചെയ്യുകയും നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയുമാണ് ചെയ്തത്. വി വി അബു, എ ടി വത്സല, പി ബിന്ധു എന്നിവരാണ് വോട്ടുചെയ്തത്. എം എന്‍ ഹുസൈന്‍, പട്ടാളത്തില്‍ ഹംസ, സി പി സുഹ്‌റാബി, നുസൈബ എന്നിവരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. യു ഡി എഫ് സംവിധാനമനുസരിച്ച് ഇവിടെ വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനാണ് ലഭിക്കേണ്ടത്. ഇത് മുസ്‌ലിംലീഗ് തന്നെ കയ്യടക്കുകയാണുണ്ടായത്. ഇത് കൊണ്ടാണ് തങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതെന്ന് വിട്ടുനിന്ന നാല് അംഗങ്ങള്‍ പറഞ്ഞു. അതേസമയം കേവലം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി യു ഡി എഫിനെ തകര്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല. അതുകൊണ്ടാണ് ലീഗിന് വോട്ടുചെയ്തതെന്ന് മറു വിഭാഗം പറയുന്നു. അതേസമയം സീറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് വൈസ്‌ചെയര്‍മാന്‍ സ്ഥാനം കൊടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുനിസിപ്പല്‍ മുസ്‌ലിംലീഗ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് ചേരിയായതോടെ ഇവിടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഈ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തത് കൊണ്ടാണ് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ ലീഗിന്റെ വൈസ് ചെയര്‍മാന് വോട്ടു ചെയ്തതെന്ന സംസാരവുമുണ്ട്.

---- facebook comment plugin here -----

Latest