Connect with us

Palakkad

അന്ന് തൂപ്പുകാരി, ഇന്ന് ഭരണാധികാരി

Published

|

Last Updated

കൊപ്പം: തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരിയായിരുന്ന ടി പി ശാരദ ഇനി പഞ്ചായത്ത്ഭരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ജനപ്രതിനിധികളുടെയും സ്റ്റാഫുകളുടെയും കീഴില്‍ ജോലിക്കാരിയായി സേവനം അനുഷ്ഠിച്ച തലശ്ശേരിപറമ്പ് ശാരദ (47)യുടെ നേട്ടം അഭിമാനത്തോടെയാണ് നാട്ടുകാരും കാണുന്നത്.
പഞ്ചായത്തിലെ 12ാം വാര്‍ഡ് ഞാവളിന്‍കാട് നിന്നും ലീഗ് അംഗമായാണ് ടി പി ശാരദ വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വനിതാ സംവരണമായതോടെയാണ് ലീഗ് അംഗമായി വിജയിച്ച ശാരദക്ക് നറുക്ക് വീണത്. ദിവസവേതനടിസ്ഥാനത്തിലായിരുന്നു പഞ്ചായത്തിലെ തൂപ്പുജോലി. നിശ്ചിത സമയത്തിന് പുറമെ ഓവര്‍ടൈം ജോലി ചെയ്തും കൃത്യനിഷ്ഠത പാലിച്ചും ജനപ്രതിനിധികളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും ശ്രദ്ധ നേടിയ ശാരദ അഞ്ചു വര്‍ഷത്തെ തൂപ്പുജോലിക്ക് ശേഷം 2000ല്‍ ഞാവളിന്‍കാട് വാര്‍ഡില്‍ നിന്നായിരുന്നു ലീഗ് അംഗമായി കന്നിയങ്കം. 2005ലും ഇതേ വാര്‍ഡില്‍ നിന്ന് ജനവിധി തേടി വിജയിച്ചു. രണ്ടു തവണയും 254 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശാരദ തിരഞ്ഞെടുക്കപ്പെട്ടത്. വികസന പദ്ധതികള്‍ കൊണ്ടുവന്നതിന് പുറമെ തന്നെ സമീപിക്കുന്ന തദ്ദേശ നിവാസികള്‍ ആരായാലും മുഖം നോക്കാതെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരാഹാരമുണ്ടാക്കി. ജനകീയാംഗീകാരമാണ് തന്നെ തേടിയെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമെന്നും നാടിന്റെ ജനക്ഷേമ താത്പര്യങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് ടി പി ശാരദ പറഞ്ഞു. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് നാല്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് പുതിയ കക്ഷിനില. കോണ്‍ഗ്രസ് കൊപ്പം ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ ടി പി കേശവനാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. പരേതനായ വോണുഗോപാലന്റെ ഭാര്യയാണ് ശാരദ. വിനീഷും വിചിത്രയും മക്കളാണ്.

Latest