Connect with us

Gulf

വെള്ളത്തിലെ പ്രസവത്തിന് പ്രചാരം വര്‍ധിക്കുന്നു

Published

|

Last Updated

ദുബൈ: വെള്ളത്തില്‍ വെച്ച് പ്രസവിക്കുന്ന രീതിക്ക് യു എ ഇയില്‍ പ്രചാരം വര്‍ധിക്കുന്നു. ഇത്തരത്തിലുള്ള പ്രസവം രാജ്യത്ത് ശൈശവദശയിലാണെങ്കിലും ഇവക്കായി കൂടുതല്‍ പേര്‍ ആഭിമുഖ്യം കാണിക്കുന്ന സ്ഥിതിയാണ്. പ്രസവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് കുറയുമെന്നതാണ് ഈ രീതിയോട് ആഭിമുഖ്യം പ്രകടിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് പ്രേരണ.
ഇത്തരം പ്രസവത്തില്‍ ബോധംകെടുത്താനായി അനസ്‌തേഷ്യ നല്‍കുന്നതും കുറവാണെന്ന് അല്‍ സഹ്‌റ ആശുപത്രിയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനകോളജി ഹെഡ് ഡോ. യാമിനി ദര്‍ അഭിപ്രായപ്പെട്ടു.
മാനസികമായി സമ്മര്‍ദങ്ങളും പ്രയാസങ്ങളും കുറയുമെന്നത് പ്രസവത്തെ പുതിയ തലത്തിലേക്ക് നയിക്കും. പ്രസവവേദനയുടെ സങ്കീര്‍ണതകളും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ വേര്‍പ്പെടുത്തുന്നതുമെല്ലാം ഇതിലൂടെ കുറക്കാനും സാധിക്കും. വെള്ളത്തില്‍ നടത്തുന്ന പ്രസവത്തില്‍ സാധാരണ പ്രസവത്തെ അപേക്ഷിച്ച് പ്രസവവേദന 60 മുതല്‍ 70 ശതമാനം വരെ കുറയും. പ്രസവത്തിന്റെ ആരോഗ്യകരമായ മാനം കൂടി കണക്കിലെടുത്ത് ലോകമാകമാനം ഈ രീതിക്ക് പ്രചാരം വര്‍ധിക്കുകയാണ്. വെള്ളത്തിലാവുമ്പോള്‍ ഗര്‍ഭിണിയുടെ ഭാരം 70 ശതമാനം കുറയും. അതോടൊപ്പം പിന്‍ഭാഗത്തിന്റെയും വയറിന്റെയും മര്‍ദവും ഗണ്യമായി കുറയുമെന്നതും പ്രസവമെന്ന പ്രക്രിയ സങ്കീര്‍ണതകളും വേദനയും കുറഞ്ഞ ഒന്നാക്കി മാറ്റും. മാസം തികഞ്ഞവരും 17നും 35നും ഇടയില്‍ പ്രായമുള്ളവരിലുമാണ് വെള്ളത്തിലെ പ്രസവം കൂടുതല്‍ അഭികാമ്യമെന്നും ഡോ. യാമിനി പറഞ്ഞു.