Connect with us

Gulf

ആര്‍ ടി എ ടാക്‌സി ഡ്രൈവര്‍മാരെ പുരസ്‌കാരം നല്‍കി ആദരിച്ചു

Published

|

Last Updated

ദുബൈ: അപകടം വരുത്താതെ മികച്ച രീതിയില്‍ വാഹനം ഓടിച്ച 30 ടാക്‌സി ഡ്രൈവര്‍മാരെ ആര്‍ ടി എ പുരസ്‌കാരം നല്‍കി ആദരിച്ചു.
ദുബൈ ടാക്‌സി കോര്‍പറേഷനു(ഡി ടി സി)മായി സഹകരിച്ചാണ് ആര്‍ ടി എ ട്രാഫിക് സെയ്ഫ്റ്റി അവാര്‍ഡ് നല്‍കി ഡ്രൈവര്‍മാരെ ആദരിച്ചത്. ഡ്രൈവര്‍മാരുടെ സംതൃപ്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരിച്ചതെന്ന് ഡി ടി സി. സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി വ്യക്തമാക്കി. ഗതാഗത സുരക്ഷയെക്കുറിച്ച് ടാക്‌സി ഡ്രൈവര്‍മാരെ ബോധവത്കരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച രീതിയില്‍ അപകടം വരുത്താതെ എങ്ങനെ വാഹനം ഓടിക്കാം എന്ന കാര്യത്തില്‍ ആര്‍ ടി എയുടെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
ഡ്രൈവര്‍മാര്‍ക്കിടയില്‍ ജോലിയോട് കൂറും സംതൃപ്തിയും സൃഷ്ടിക്കാനും ഇത് ഉപകരിക്കും. വിശ്വസ്ത പുലര്‍ത്തുന്ന ഡ്രൈവര്‍മാരെ ഓരോ മാസത്തിലും ആദരിക്കാറുണ്ട്. ജോലിയിലെ പ്രകടനം വിലയിരുത്തി ഓരോ മൂന്നു മാസത്തിലും ഡ്രൈവര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കാറുണ്ട്. വര്‍ഷത്തില്‍ പുരസ്‌കാരങ്ങള്‍ക്കായി 20 ലക്ഷം ദിര്‍ഹമാണ് ആര്‍ ടി എ മാറ്റിവെക്കുന്നത്.
മികച്ച ഡ്രൈവര്‍ക്ക് ദുബൈ ടാക്‌സി നൈറ്റ് അവാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. മികച്ചവരായി തിരഞ്ഞെടുക്കുന്നവരിലെ രണ്ടു പേര്‍ക്ക് അല്‍ ഫുത്തൈമുമായി ചേര്‍ന്ന് രണ്ട് കാറുകളാണ് ദുബൈ ടാക്‌സി നൈറ്റ് അവാര്‍ഡായി നല്‍കുക. അവാര്‍ഡിന്റെ കാര്യങ്ങള്‍ തീരുമാനിച്ചുവരികയാണ്. അധികം വൈകാതെ അവാര്‍ഡ് നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
11,000 ഡ്രൈവര്‍മാരാണ് ഡി ടി സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ 30 പേരെയാണ് ട്രാഫിക് സെയ്ഫ് അവാര്‍ഡ് നല്‍കി ആദരിച്ചത്. 2010ലാണ് ഡി ടി സിയുടെ കീഴില്‍ ട്രാഫിക് സേഫ്റ്റി അവാര്‍ഡ് നല്‍കാന്‍ ആരംഭിച്ചത്. മൊത്തത്തില്‍ 1.85 ലക്ഷം ദിര്‍ഹം മുതല്‍ 3.9 ലക്ഷം ദിര്‍ഹമാണ് പുരസ്‌കാരത്തിന് മൂന്നു വിഭാഗങ്ങളിലായി നല്‍കുന്നത്.

Latest