Connect with us

Gulf

പ്രതിവര്‍ഷം പത്തു ബില്യന്‍ റിയാല്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് ഖത്വര്‍

Published

|

Last Updated

ദോഹ: ഇന്ത്യയില്‍ പ്രതിവര്‍ഷം പത്തു ബില്യന്‍ റിയാല്‍ നിക്ഷേപം നടത്താന്‍ ഖത്വര്‍ സന്നദ്ധം. ഇതില്‍ പകുതിയും രാജ്യത്തെ അടിസ്ഥാന സൗകര്യവികനത്തിനായിരിക്കും നീക്കിവെക്കുക. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ കണ്‍ടള്‍ട്ടിംഗിനെ ഉദ്ധരിച്ച ഗള്‍ഫ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയുമായി വ്യാപാരബന്ധം മെച്ചപ്പെടുത്തുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ഖത്വര്‍ സന്നദ്ധത അറിയിച്ചത്. ഗള്‍ഫിനും ഇന്ത്യക്കുമിടില്‍ പരമ്പരാഗത വ്യാപാര കയറ്റിറക്കുമതിക്കപ്പുറമുള്ള വാണിജ്യ, നിക്ഷേപ പദ്ധതികള്‍ ഉണ്ടാകണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ചെറുകിട മധ്യനിര വ്യവസായ, വാണിജ്യ സംരഭങ്ങളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. ഗള്‍ഫ് നാടുകള്‍ വൈവിധ്യവത്കരണം നയമായി സ്വീകരിച്ചിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം വൈവിധ്യവത്കരണമാണെന്നു തിരിച്ചറിഞ്ഞാണ് മുന്നോട്ടു പോകുന്നതെന്ന് ഓര്‍ഗനൈസേഷന്‍ അസി. സെക്രട്ടറി ജനറല്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ പ്രോജ്ക്ട്‌സ് സെക്ടര്‍ ഡോ. അലി ഹമദ് അല്‍ മുഅല്ല പറഞ്ഞു.
ഖത്വറുമായി സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമായും സൈബര്‍ സുരക്ഷ, വിവരസാങ്കേതികവിദ്യ രംഗത്താണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. സഊദി അറേബ്യയില്‍ നടന്ന ജി സി സി ബിസിനസ് ഉടമകളുടെയും ഇന്ത്യന്‍ വ്യവസായികളുടെയും ഉച്ച കോടിയിലാണ് നിക്ഷേപ ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യയും ഖത്വറും തമ്മിലുള്ള വ്യാപാര ഇടപാട് 2008-09 വര്‍ഷത്തില്‍ 4.17 ബില്യന്‍ ഉണ്ടായിരുന്നത് 2012-13 വര്‍ഷത്തില്‍ 16.3 ബില്യനായി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നും ഖത്വറിലേക്കുള്ള കയറ്റുമതി ഈ കാലത്ത് പരിമിതമായിരുന്നു. അതേസമയം, ഖത്വറില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ വലിയ വളര്‍ച്ചയുണ്ടായി. ഇന്ത്യയില്‍ എല്‍ എന്‍ ജി ഉത്പന്നങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചതാണ് കയറ്റുമതിയെ ഉയര്‍ത്തിയത്.
ഖത്വര്‍ ഇന്ത്യയിലെ അടിസ്ഥാന സൗകര്യവികസനത്തില്‍ നിക്ഷേപം നടത്താനാണ് താത്പര്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ വരുമ്പോള്‍ ഇന്ത്യയെ മാത്രമമല്ല ഗള്‍ഫ് നാടുകള്‍ സാമ്പത്തിക ശക്തിയായി കാണുന്നത്. അതേസമയം ഗള്‍ഫിന്റെ സുസ്ഥിരതക്കുവേണ്ടി നിലകൊള്ളുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫ് നാടുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ഗള്‍ഫില്‍ യു എ ഇയും സഊദി അറേബ്യയുമാണ് ഇന്ത്യയുടെ പ്രധാന വ്യാപാര സഹകാരികള്‍. ഇന്ത്യ പെട്രോളിയം ഇക്കുമതിക്കു വേണ്ടി പ്രധാനമായും ആശ്രയിക്കുന്നതും ഈ രാജ്യങ്ങളെയാണ്.
ഇന്ത്യന്‍ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശവും ഗള്‍ഫ് നാടുകളാണെന്ന് ഫോറം അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ ആവശ്യങ്ങളും അവസരങ്ങളും ഇന്ത്യ പരിശോധിക്കണം. നിക്ഷേപ അവസരങ്ങളെ പരിഗണിച്ചു കൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

Latest