Connect with us

National

അസഹിഷ്ണുതക്കെതിരെ രാജ്യസഭയില്‍ യെച്ചൂരി പ്രമേയം അവതരിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതാ പ്രവണതകള്‍ക്കെതിരെ രാജ്യസഭയില്‍ സീതാറാം യെച്ചൂരി പ്രമേയം അവതരിപ്പിക്കും. പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ സി പി എം ജനറല്‍ സെക്രട്ടറി കൂടിയായ യെച്ചൂരിയുടെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി അനുവദിക്കുകയായിരുന്നു. ഈ മാസം 26ന് തുടങ്ങുന്ന പാര്‍ലിമെന്റ് ശീതകാല സമ്മേളനത്തില്‍ അസഹിഷ്ണുത പ്രധാന വിഷയമായി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. നവംബര്‍ മുപ്പതിനായിരിക്കും പ്രമേയം സഭയില്‍ അവതരിപ്പിക്കുക.
രാജ്യത്ത് അസഹിഷ്ണുത കൂടി വരുന്നതിനെയും അക്രമങ്ങള്‍ തുടരുന്നതിനെയും ഈ സഭ അപലപിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് സീതാറാം യെച്ചൂരി അനുമതി തേടിയത്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ സാഹിത്യകാരന്മാരും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങള്‍ തുടരുന്നതിനിടയിലാണ് പ്രശ്‌നത്തില്‍ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷാംഗങ്ങള്‍ അധ്യക്ഷനോട് അനുമതി തേടിയത്.
ആദ്യമായാണ് പ്രശ്‌നം പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. പ്രതിപക്ഷത്തിന് കൂടുതല്‍ അംഗസംഖ്യയുള്ള രാജ്യസഭയില്‍ പ്രമേയം പാസായാല്‍ സര്‍ക്കാറിന് വലിയ തിരിച്ചടിയാകുമെന്നിരിക്കെ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയാണ് രാജ്യസഭാ അധ്യക്ഷന്‍ ഹാമീദ് അന്‍സാരി പ്രമേയം ആവതരിപ്പിക്കാന്‍ അനുമതി നല്‍കിയതെന്നത് ശ്രദ്ധേയമാണ്.
അതേസമയം, പ്രമേയം വോട്ടിനിട്ട് പാസ്സാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് യെച്ചൂരി പറഞ്ഞു. അസഹിഷ്ണുതയാണ് വിഷയമെന്നതിനാല്‍ ബി ജെ പി വിരുദ്ധ പക്ഷത്ത് നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിക്കള്‍ക്ക് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും കഴിയില്ല.
ഈ സാഹചര്യത്തില്‍ ചട്ടം 170 പ്രകാരം വോട്ടെടുപ്പ് ആവശ്യമായ പ്രമേയം പാസ്സാക്കിയാല്‍ അത് സഭയുടെ ആകെ വികാരമായി മാറും. രാജ്യത്ത് അസഹിഷ്ണുത ഇല്ലെന്ന് സ്ഥാപിക്കാന്‍ പാടുപെടുന്ന കേന്ദ്ര സര്‍ക്കാറിന് പാര്‍ലിമെന്റില്‍ ഈ പ്രമേയം പാസ്സാക്കുന്നത് വന്‍ തിരിച്ചടിയാകും.

Latest