Connect with us

National

95 ശതമാനം ബീഫ് വില്‍പ്പനക്കാരും ഹിന്ദുക്കള്‍: ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ബീഫ് വില്‍പ്പന നടത്തുന്നതും കയറ്റുമതി ചെയ്യുന്നതും മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. മഥുരയില്‍ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഓണ്‍ റാഡിക്കല്‍ ഇസ്‌ലാം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു സച്ചാറിന്റെ പരാമര്‍ശം. രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണ്.
ബീഫ് കഴിച്ചതിന്റെ പേരില്‍ ദാദ്രിയില്‍ ജനക്കൂട്ടം ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയത് മുഹമ്മദ് അഖ്‌ലാഖിനെയായിരുന്നില്ല. ഇവിടെ നടന്നത് മനുഷ്യത്വത്തിന്റെ മരണമാണ്. ഭക്ഷണ രീതിക്ക് മതവുമായി ബന്ധമില്ല. താന്‍ ബീഫ് കഴിക്കാറുണ്ടെന്നും ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ പറഞ്ഞു. രാജ്യത്തെ ജനപ്രതിനിധികളായ എം പിമാരും എം എല്‍ എമാരും വിവിധ ബീഫ് കയറ്റുമതി കമ്പനികളുടെ ഉടമസ്ഥരാണ്. പിന്നെ എന്തുകൊണ്ടാണ് സാധാരണക്കാര്‍ മാത്രം ഇത്തരം ക്രൂരതകള്‍ക്ക് വിധേയരാകുന്നതെന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു. രാജ്യത്തെ ഒരു പ്രധാന ബീഫ് കയറ്റുമതി കമ്പനി ഉടമയായ ബി ജെ പിയുടെ സംഗീത് സോം എം എല്‍ എയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം. സമീപകാലത്ത് ബീഫ് വില്‍പ്പന വിവാദമായ സാഹചര്യത്തിലാണ് രജീന്ദര്‍ സച്ചാറിന്റെ പ്രസ്താവന പ്രസക്തമാകുന്നത്. അതേസമയം സച്ചാറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഏതാനുംപേര്‍ കോണ്‍ഫറന്‍സ് ഹാളില്‍നിന്ന് പുറത്തേക്കുപോയി. സച്ചാറിന്റെ പ്രസംഗം നിര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോണ്‍ഫ്രന്‍സില്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

Latest