Connect with us

National

യു പിയില്‍ മഹാസഖ്യ സാധ്യത തള്ളി സംസ്ഥാന കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബീഹാര്‍ മോഡല്‍ ആവര്‍ത്തിക്കുമെന്ന ചര്‍ച്ചകള്‍ തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കാതെ തനിച്ച് മത്സരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. യു പിയിലെ പ്രദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയായിരിക്കും ഇത്തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക എന്ന പ്രചാരണമാണ് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യു പി കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ തള്ളിക്കളഞ്ഞത്.
കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും മുന്‍ എം പിമാരും എം എല്‍ എമാരുമാണ് ചിന്തന്‍ ശിബിറില്‍ സംബന്ധിച്ചത്. യു പി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് നിര്‍മല്‍ ഖത്രി, മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, നേതാക്കളായ പി എല്‍ പുനിയ, ആര്‍ പി എന്‍ സിംഗ്, റിതാ ബഹുഗുണാ ജോഷി, രാജീവ് ശുക്ല തുടങ്ങിയവര്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും യു പിയില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടുന്നതിനെ എതിര്‍ത്തുവെന്ന് ആര്‍ പി എന്‍ സിംഗ് പറഞ്ഞു. പാര്‍ട്ടി സ്വന്തം നിലക്ക് തന്നെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരമാണ് എല്ലാവരും പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തനിച്ചു മത്സരിക്കണമെന്ന വികാരം തന്നെയാണ് എല്ലാവരും പ്രകടിപ്പിച്ചതെങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ ഉണ്ടാകുകയുള്ളൂ എന്ന് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള സാധ്യതകള്‍ അപ്പാടെ ചിന്തന്‍ ശിവിര്‍ തള്ളിക്കളഞ്ഞുവെന്നാണ് പി എല്‍ പുനിയ പ്രതികരിച്ചത്.
യു പിയിലും ബീഹാര്‍ മാതൃകയില്‍ മഹാസഖ്യം രൂപവത്കരിച്ച് എന്‍ ഡി എക്കെതിരെ മത്സരിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മഹാസഖ്യം മാതൃക 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രാവര്‍ത്തികമാക്കാനാകുമെന്ന മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവിന്റെ പ്രസ്താവനയോടെയായിരുന്നു ചര്‍ച്ചകള്‍ സജീവമായത്. ഇതിന് അനുകൂലമായ പ്രസ്താവന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തിയിരുന്നു.
ബീഹാര്‍ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലടക്കം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും അതേ മാതൃകക്ക് സാധ്യതകളാരായുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മുലായം സിംഗ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബി എസ് പിയും കോണ്‍ഗ്രസും ചേര്‍ന്ന് യു പിയില്‍ പുതിയ സഖ്യരൂപവത്കരണത്തിനുള്ള സാധ്യതകളാണ് പങ്കുവെച്ചത്.
ബി ജെ പിക്കെതിരെ നില്‍ക്കുന്ന മുഴുവന്‍ പാര്‍ട്ടികളെയും യോജിപ്പിച്ച് പുതിയ സഖ്യസാധ്യത പരിശോധിച്ച് വരികയാണെന്നായിരുന്നു എസ് പി വൃത്തങ്ങള്‍ നല്‍കിയ സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ബി ജെ പി മുന്നേറ്റത്തില്‍ ഈ പാര്‍ട്ടികളെല്ലാം തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

Latest