Connect with us

Articles

പാരീസ്: ചില വിവരംകെട്ട ചോദ്യങ്ങള്‍

Published

|

Last Updated

ചരിത്രത്തില്‍ നിന്ന് മനുഷ്യകുലം ഒരു പാഠവും പഠിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് പാരീസില്‍ ഭീകരവാദികള്‍ 129 പേരെ കൊന്നു തള്ളിയിരിക്കുന്നു. ബാറുകളിലും നൃത്തശാലകളിലും ജീവിതം ആസ്വദിക്കുകയായിരുന്ന മനുഷ്യര്‍ക്ക് മേല്‍ മരണഭയമേതുമില്ലാത്തതിനാല്‍ അത്യന്തം അപകടകാരികളായിത്തീര്‍ന്ന ഒരു പറ്റം മനുഷ്യര്‍ മരണം വിതച്ചു. അവര്‍ ആരായിരുന്നു? എവിടെ നിന്ന് വന്നു? രഹസ്യാന്വേഷണങ്ങളുടെ പല അടരുകളുടെ കണ്ണുവെട്ടിച്ച് ഇവര്‍ക്ക് എങ്ങനെയാണ് ഒരേ സമയം ആറിടത്ത് ആക്രമണത്തിന്റെ ചോര പടര്‍ത്താനായത്? വ്യക്തമായ തെളിവുകളുടെ വേരുകള്‍ ഇത്തവണയും അറ്റു പോയിരിക്കുന്നു. മുഖ്യസൂത്രധാരനെന്ന് പ്രഖ്യാപിക്കപ്പെട്ടയാള്‍ പതിവു പോലെ കൊല്ലപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്നത് ഊഹങ്ങളും ആക്രോശങ്ങളും അവകാശവാദങ്ങളും മാത്രം. പാശ്ചാത്യ ഉത്കൃഷ്ടതാ വാദം, യുദ്ധോത്സുകത, പ്രതികാരദാഹം, മതത്തിന്റെ വക്രീകരണം, ശീത സമരം, ഇസ്‌ലാം പേടി, ആവര്‍ത്തിക്കുന്ന ഭീഷണി. ഒരു പാതകത്തെ അനേകം മഹാപാതകം കൊണ്ട് നേരിടുകയെന്ന വിഡ്ഢിത്തം തന്നെ ആവര്‍ത്തിക്കപ്പെടുകയാണ്. തിരുത്തുകയല്ല, തീവ്രവാദികളും അവരെ നേരിടുന്നവരും ഒരു പോലെ തെറ്റുകളിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്. പുരാതനമായ ഗോത്ര സമൂഹത്തില്‍ നിന്ന് ഒരടി മുന്നോട്ട് പോകാനാകാതെ മനുഷ്യത്വം മരവിച്ച് നില്‍ക്കുമ്പോള്‍ പരിഹാരങ്ങള്‍ അസാധ്യമാകുകയും കുരുക്കഴിക്കാനാകാത്ത പുതിയ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. മനുഷ്യന്‍ എന്ന മനോഹരമായ പദം അഴുക്കിലും ചോരയിലും മുങ്ങി മരിക്കുന്നുവെന്നതാണ് ഈ ക്രൂരതകളുടെയും അവക്ക് പിറകേ ആവര്‍ത്തിക്കുന്ന അതിന്റെ പതിന്മടങ്ങ് കുരുതികളുടെയും ആത്യന്തിക ഫലം. ഈ ഇരുണ്ട ദിനങ്ങളില്‍ ശരാശരി മനുഷ്യര്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അവ ഒരിക്കലും വിവരമുള്ള ചോദ്യങ്ങളായിരിക്കില്ല. വിവരമില്ലായ്മയില്‍ നിന്നാണ് അത്തരം ചോദ്യങ്ങള്‍ ഉദിക്കുന്നത്. കാരണം സാധാരണ മനുഷ്യര്‍ക്ക്, ഇത്രമാത്രം വിവര വിസ്‌ഫോടനം നടന്നിട്ടും പരിമിതമായ വിവരങ്ങളേ ലഭിക്കുന്നുള്ളൂ. അതുകൊണ്ട് ചോദ്യങ്ങള്‍ അവസാനിക്കുകയല്ല, നിര്‍ണായകമായ ചോദ്യങ്ങള്‍ ജനിച്ചു കൊണ്ടേയിരിക്കുകയാണ്.
പാരീസ് ഉയര്‍ത്തുന്ന ആദ്യത്തെ ചോദ്യം കൊളോണിയല്‍ പടയോട്ടങ്ങളുടെ കാലത്തിന് മുമ്പേ തന്നെ മനുഷ്യര്‍ ചോദിച്ചത് തന്നെയാണ്: മരണത്തിന്റെ മൂല്യമെത്ര? ഫ്രാന്‍സില്‍ ആക്രമണം നടന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് ജാഗരൂകതയുടെ തീ പിടിച്ചു. ഏറ്റവും വൈകാരികമായ പദം തന്നെ അവര്‍ അത് റിപ്പോര്‍ട്ട് ചെയ്യാനായി തിരഞ്ഞെടുത്തു. കഥകളും ഉപകഥകളും നിറഞ്ഞു. പ്രതികരണങ്ങളും വിശകലനങ്ങളും കൊണ്ട് താളുകളും പ്രൈംടൈമുകളും കരകവിഞ്ഞു. റോയിട്ടേഴ്‌സ് തലക്കെട്ടിട്ടു: ഡിസ്ബിലീഫ്, പാനിക് ആസ് മിലിറ്റന്‍സ് കോസ് കാര്‍ണേജ് ഇന്‍ പാരീസ്. അവിശ്വസനിയം, ഭയാനകം. പാരീസില്‍ ആക്രമണം നടന്നത് 13നാണ്. 12ന് ലെബനാനിലെ ദക്ഷിണ ബെയ്‌റൂത്തില്‍ ബോംബ് സ്‌ഫോടന പരമ്പര നടന്നിരുന്നു. നാല്‍പ്പതിലധികം പേര്‍ അവിടെ കൊല്ലപ്പെട്ടു. അതിനും മുമ്പ് തുര്‍ക്കിയില്‍ നടന്ന ആക്രമണത്തില്‍ 120ലധികം പേര്‍ മരിച്ചിരുന്നു. ബെയ്‌റൂത്ത് ആക്രമണത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ഡെഡ്‌ലി ബ്ലാസ്റ്റ്‌സ് ഹിറ്റ് ഹിസ്ബുല്ല സ്‌ട്രോംഗ്‌ഹോള്‍ഡ്. സ്‌ഫോടനം നടന്നുവെന്നതിനല്ല ഊന്നല്‍. എവിടെ നടന്നുവെന്നതിനാണ്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിലാണ് ആക്രമണം. ഹിസ്ബുല്ല തീവ്രവാദ സംഘടനയാണെന്ന് വാര്‍ത്തയുടെ വിശദാംശങ്ങളിലുണ്ട്. അവര്‍ സിറിയയിലെ അസദ് ഭരണകൂടത്തെ താങ്ങി നിര്‍ത്താനായി ആയുധമെടുക്കുന്നവരാണ്. സ്‌ഫോടനം നടന്ന പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്നത് ശിയാക്കളാണ്. അസദിന്റെ വംശത്തിലുള്ളവര്‍. ഹിസ്ബുല്ലയുടെ സൈനിക നീക്കത്തെ പിന്തുണക്കുന്നവരാണ് ഈ ശിയാക്കള്‍. അതുകൊണ്ട് തന്നെ അവര്‍ അവരുടെ നേതാക്കളുടെ കൈകളിലെ പാവകളാണ്. അതിനാല്‍ ഇസില്‍ ആക്രമണം ഇവിടെ പ്രതീക്ഷിക്കപ്പെട്ടതാണ്. ഇങ്ങനെ പോകുന്നു വിശകലനങ്ങള്‍. പരുക്കേറ്റവരുമായി അഭിമുഖമില്ല. പള്ളിയിലും തെരുവിലും സ്‌കൂളിലുമാണ് സ്‌ഫോടനം നടന്നതെന്ന് വാര്‍ത്തയിലില്ല. കണ്ണീരും വേദനയുമില്ല. ഉള്ളത് വശം ചെരിഞ്ഞ വിവരങ്ങള്‍ മാത്രം. എന്താണ് ഇങ്ങനെ? ഇപ്പറഞ്ഞ സ്‌ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്വമേറ്റത് ഇസില്‍ സംഘമാണ്. പക്ഷേ സൂത്രധാരനെക്കുറിച്ച് കഥകളില്ല. ചോദ്യമോ ഉത്തരമോ ഇല്ല.
ഈ വാര്‍ത്തകളില്‍ തീവ്രവാദി ആക്രമണം എന്ന പദം തന്നെയില്ല. സ്‌ഫോടനം നടന്നു. നടക്കേണ്ടത് നടന്നു എന്നതാണ് ധ്വനി. ബെയ്‌റൂത്തിലെ മനുഷ്യര്‍ മരിച്ചു വീഴുന്നത് ഹിസ്ബുല്ലയുടെ തീവ്രവാദ പ്രവണതയുടെ പരിണതഫലമാണെന്ന് സംഭവം നടന്ന് 24 മണിക്കൂര്‍ തികയും മുമ്പ് ആ ചോരയില്‍ കാലൂന്നി നിന്നു കൊണ്ട് വിശകലനം ചെയ്യാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഈ മാധ്യമങ്ങള്‍ ഒരു വര്‍ഷം കഴിഞ്ഞെങ്കിലും പറയുമോ തീവ്രവാദവിരുദ്ധ ദൗത്യമെന്ന പേരില്‍ ഫ്രഞ്ച് അധികാരികള്‍ അമേരിക്കയുമായി ചേര്‍ന്ന് നടത്തുന്ന കുരുതികളില്‍ നിന്നാണ് പാരീസ് ആക്രമണം ഉണ്ടായതെന്ന്? അങ്ങനെ പറയാന്‍ ശ്രമിച്ചത് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആയാലും ഇങ്ങ് ഇന്ത്യയിലെ യു പിയില്‍ അഅ്‌സം ഖാനായാലും അവരെ വളഞ്ഞിട്ട് ആക്രമിക്കുകയല്ലേ ചെയ്യുന്നത്.
ഇത് വളരെക്കാലമായി തുടരുന്ന അനുഷ്ഠാനമാണ്. സ്‌ഫോടനം നടക്കുന്നത് അമേരിക്കയിലോ യൂറോപ്പിലോ അല്ലെങ്കില്‍ അത് ഒറ്റക്കോളം വാര്‍ത്ത മാത്രമാണ്. വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്കായി അനേകം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാക്‌സ് ഫിഷര്‍ തന്റെ ബ്ലോഗില്‍ കുറിച്ചു: “പാശ്ചാത്യ ലോകത്തിന് പുറത്ത് നടക്കുന്ന സ്‌ഫോടനങ്ങള്‍ക്ക് വാര്‍ത്താ പ്രധാന്യം കൈവരണമെങ്കില്‍ ഒന്നുകില്‍ കുട്ടികള്‍ മരിക്കണം. അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍. അതുമല്ലെങ്കില്‍ ജൂതര്‍”. കൊല്ലപ്പെടാന്‍ ഒരു കൂട്ടര്‍. അവരെ തീവ്രവാദികളും അന്താരാഷ്ട്ര സമാധാനക്കാരും ഒരു പോലെ കൊന്നു കൊണ്ടിരിക്കുന്നു. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും ഈ പട്ടികയിലാണ് വരുന്നത്. അഫ്ഗാനിലും പാക്കിസ്ഥാനിലും നടക്കുന്ന സ്‌ഫോടനങ്ങള്‍ക്ക് വല്ല കൈയും കണക്കുമുണ്ടോ? ഇവിടങ്ങളില്‍ യു എസ് ഡ്രോണ്‍ ആക്രമണങ്ങള്‍ ആരെങ്കിലും വാര്‍ത്തയാക്കുന്നുണ്ടോ? ഇറാഖില്‍ നിരന്തരം സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടക്കുന്നില്ലേ? ആരെങ്കിലും ഗൗനിക്കുന്നുണ്ടോ? അപ്പോള്‍ ഇത് തന്നെയാണ് ആദ്യത്തെ പ്രശ്‌നം. ഫ്രാന്‍സില്‍ മനുഷ്യര്‍ മരിച്ചു വീണപ്പോള്‍ അത് ലോകത്തിന്റെയാകെ വേദനയായി. ആകേണ്ടത് തന്നെയാണ്. പക്ഷേ, ആരും അവിടുത്തെ ഭരണകൂടത്തിന്റെ അക്രമാസക്ത വിദേശനയത്തിന് നേരെ വിരല്‍ ചൂണ്ടിയില്ല. പഴയ കോളനികളിലടക്കം അവര്‍ നടത്തുന്ന ഇടപെടലുകള്‍ ചര്‍ച്ചയായില്ല. ഫ്രാന്‍സിലെ പള്ളികളില്‍ ഇമാമുമാര്‍ക്ക് അവരുടെ ദേശക്കൂറ് വെളിവാക്കി പ്രസ്താവനയിറക്കേണ്ടി വന്നു. മുസ്‌ലിംകളെ കര്‍ശനമായി നിരീക്ഷിക്കുക മാത്രമാണ് ഭീകരാക്രമണങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. മുസ്‌ലിം നേതാക്കള്‍ കൂടുതല്‍ ഉച്ചത്തില്‍ തീവ്രവാദത്തെ തള്ളിപ്പറയണമെന്ന് പ്രസിഡന്റ് ബരാക് ഒബാമയും പറയുന്നു. ഭീകരവാദത്തിന് മതമില്ലെന്ന് ആവര്‍ത്തിച്ച് നാവ് വായിലിടും മുമ്പ് ഇങ്ങനെ ഉപദേശിക്കുന്നതിന്റെ അര്‍ഥമെന്താണ്? തീവ്രവാദികള്‍ക്ക് മതത്തിന്റെ പരിവേഷം നല്‍കി അക്രമകാരികളായി അവരെ നിലനിര്‍ത്തുകയും പാശ്ചാത്യര്‍ക്ക് നേരെ നടക്കുന്ന ഓരോ ആക്രമണത്തിന് പിറകേയും അവരുടെ ശക്തി കേന്ദ്രമെന്ന് പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ തീവ്രവാദികള്‍ നടത്തിയതിനേക്കാള്‍ പതിന്മടങ്ങ് മാരകമായ മനുഷ്യക്കുരുതികള്‍ നടത്തുകയും ചെയ്യുന്നതിന്റെ താത്പര്യമെന്താണ്? ഇത്തവണ സിറിയയിലെ റഖയിലാണ് അമേരിക്കയും ഫ്രാന്‍സും മറ്റ് സഖ്യ കക്ഷികളും കലി തീര്‍ക്കുന്നത്. അരാജകമായ രാഷ്ട്രങ്ങളാണ്, പാശ്ചാത്യ ഭാഷയില്‍ പറഞ്ഞാല്‍ പരാജിത രാഷ്ട്രങ്ങളാണ്, തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍. ഇറാഖില്‍ ഒരു കാലത്ത് സദ്ദാം ഹുസൈനെ പാശ്ചാത്യര്‍ ഉപയോഗിച്ചു. അദ്ദേഹം സ്വയം നിര്‍ണയ ശേഷി പുറത്തെടുത്തപ്പോള്‍ ഇല്ലാത്ത കൂട്ടനശീകരണ ആയുധത്തിന്റെ പേര് പറഞ്ഞ് കൊന്നു തള്ളി. സദ്ദാം സ്വന്തക്കാരനായതിന്റെയും ശത്രുവാകുന്നതിന്റെയും ഇടവേളകളില്‍ സമ്പാദിച്ച ആയുധവും ശക്തിയുമാണ് ഇസില്‍ സംഘത്തിന്റെ പുതിയ സംഹാരത്തിന് മൂലധനമായത്. സാമ്രാജ്യത്വം സ്വീകരിച്ച ശിയാ പക്ഷപാതിത്വത്തിന്റെ അമര്‍ഷം മുതലാക്കിയാണ് ഇസില്‍ സംഘം യുവാക്കളെ ആകര്‍ഷിച്ചത്. ഇറാന്റെ നിലപാടുകളും ഇതിന് ശക്തി പകര്‍ന്നു. ലിബിയയില്‍ ഗദ്ദാഫിയെ അവസാനിപ്പിച്ചപ്പോള്‍ എത്രയെത്ര തീവ്രവാദ ഗ്രൂപ്പുകളാണ് തുടക്കം കുറിച്ചത്. അവയില്‍ മിക്കവയും ഇന്ന് ഇസിലിന്റെ കുടക്കീഴിലാണ്. ഇവിടങ്ങളില്‍ സുസ്ഥിരവും ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതുമായ ഭരണകൂടങ്ങള്‍ സ്ഥാപിക്കാനുള്ള സാഹചര്യമൊരുക്കിയാല്‍ അവസാനിപ്പിക്കാവുന്നതേയുള്ളൂ ഭീകരത. എന്തേ അതിന് വന്‍ ശക്തികള്‍ തയ്യാറാകുന്നില്ല? ഇസില്‍ സംഘം പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് ഊറ്റിയ എണ്ണ തുച്ഛ വിലക്ക് വാങ്ങുന്നത് ഈ വന്‍ ശക്തികള്‍ തന്നെയല്ലേ? പാരീസ് ആക്രമണത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ അഭയാര്‍ഥി പ്രവാഹത്തിന് എതിര് നിന്ന യൂറോപ്യന്‍ രാജ്യങ്ങളാണ്. എല്ലാവരും അതിര്‍ത്തിയടച്ചിരിക്കുന്നു. ഇതു തന്നെയായിരുന്നോ ഈ ആക്രമണത്തിന്റെ യഥാര്‍ഥ ലക്ഷ്യം?
ഇനി തീവ്രവാദികളുടെ മതം. ഏത് മതത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്? എല്ലാവര്‍ക്കുമറിയാം തികച്ചും രാഷ്ട്രീയമായ ആവശ്യത്തിന് അമേരിക്കന്‍ ചേരി പടച്ചുവിട്ട അല്‍ഖാഇദയുടെ വകഭേദമാണ് ഇന്ന് കാണുന്ന ഇസില്‍ സംഘമെന്ന്. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തെ തൂത്തെറിയേണ്ടത് അമേരിക്കയുടെ ശീതസമരകാല അനിവാര്യതയായിരുന്നു. അന്നാണ് ഈ രാഷ്ട്രീയ അജന്‍ഡക്ക് മതത്തിന്റെ മേലങ്കി നല്‍കിയതും ആയുധങ്ങളും അര്‍ഥവും കരഗതമായതും. പിന്നെ തരാതരം വന്ന തീവ്രവാദ ഗ്രൂപ്പുകളെല്ലാം തികച്ചും അപകടകരമായ മതരാഷ്ട്ര പ്രയോഗത്തില്‍ നിന്നും പ്രത്യയശാസ്ത്രത്തില്‍ നിന്നുമാണ് ഊര്‍ജം കൈക്കൊണ്ടത്. ഇവര്‍ പ്രയോഗിക്കുന്ന ജിഹാദ്, ഖിലാഫത്ത് തുടങ്ങിയ പദങ്ങള്‍ സലഫിസത്തിന്റെയും മൗദൂദിസത്തിന്റെയും മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടവയാണ്. അവര്‍ തേരോട്ടം നടത്തിയിടത്തെല്ലാം രാഷ്ട്രീയ മേല്‍ക്കോയ്മയേക്കാള്‍ അവരുടെ പുതുമതവും അവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാരമ്പര്യ ശേഷിപ്പുകളെയും മതചരിത്രത്തിന്റെ ചിഹ്നങ്ങളെയും അപ്പടി തകര്‍ത്തെറിയുക വഴി വിശുദ്ധ മതത്തെ അതിന്റെ തനിമയില്‍ നിന്ന് ഉന്മൂലനം ചെയ്യാനാണ് ഇവര്‍ ചോരപ്പുഴ ഒഴുക്കിയത്. ഇവരുടെ ആക്രമണ ദിശ മാത്രം നോക്കിയാല്‍ ഇത് വ്യക്തമാകും. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് മാത്രമാണ് ആക്രമണം. യൂറോപ്പിലെ ഏറ്റവും വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹം ഫ്രാന്‍സിലാണെന്നോര്‍ക്കണം. ഷാര്‍ളി ഹെബ്‌ദോ വാരികയുടെ ക്ഷുദ്ര കാര്‍ട്ടൂണും അതിന് പിറകേ തീവ്രവാദികള്‍ നടത്തിയ ആക്രമണവും ഫ്രാന്‍സിലെ മുസ്‌ലിംകളെ ഒറ്റപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ലെന്ന് വന്നപ്പോഴാണല്ലോ ഇപ്പോഴത്തെ പാരീസ് ആക്രമണം. എന്താണ് ഇവര്‍ ഇസ്‌റാഈലിനെ തൊടാത്തത്?
സാധാരണ മനുഷ്യര്‍ വേറെയും ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. പാരീസില്‍ നടന്നത് ഇസില്‍ ആക്രമണമാണെന്ന് ആദ്യം പ്രഖ്യാപിച്ചത് പ്രസിഡന്റ് ഫ്രാന്‍സിസ് ഹൊളന്‍ഡേ ആണ്. പിറകേയാണ് ഇസില്‍ സംഘം ഉത്തരവാദിത്വം ഏറ്റത്. പ്രസിഡന്റിന്റെ കൈയില്‍ വല്ല തെളിവുമുണ്ടായിട്ടാണോ അങ്ങനെ പ്രഖ്യാപിച്ചത്. എല്ലാം കഴിഞ്ഞ് കുറേ റെയ്ഡുകള്‍ നടന്നല്ലോ. വല്ല തുമ്പും കിട്ടിയോ. മുഖ്യ സൂത്രധാരന്‍ പതിവ് പോലെ കൊല്ലപ്പെട്ടു കഴിഞ്ഞു. എല്ലാ സൂത്രധാരന്മാരും വളരെ കൃത്യമായി കൊല്ലപ്പെടുന്നതെന്താണ്? ഉസാമാ ബിന്‍ലാദനെ എന്തേ ജീവനോടെ പിടിക്കാന്‍ പറ്റിയില്ല? വേള്‍ഡ് ട്രേഡ് സെന്ററിന്റെ പതനത്തിലെ ദുരൂഹത ഇതുവരെ നീക്കാനായിട്ടുണ്ടോ? എത്രയെത്ര സിദ്ധാന്തങ്ങള്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. ഗ്വാണ്ടനാമോയില്‍ കുറേ മനുഷ്യരെ പീഡിപ്പിച്ചിരുന്നുവല്ലോ. അവരില്‍ നിന്ന് വല്ല വിവരവും കിട്ടിയോ? ലോകത്താകെ നടന്ന ഭീകരാക്രമണങ്ങളില്‍ സയണിസ്റ്റുകളുടെ പങ്ക് എന്നെങ്കിലും അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ? തീവ്രവാദികള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ആരുത്പാദിപ്പിച്ചവയാണെന്ന് പഠിച്ചിട്ടുണ്ടോ?
ഈ ചോരയുടെയും കണ്ണീരിന്റെയും മുന്നിലും വന്‍ ശക്തികള്‍ക്ക് യോജിച്ച തീരുമാനത്തിലെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അമേരിക്ക പറയുന്നു റഷ്യ കുറച്ചു കൂടി ആത്മാര്‍ഥമായി ഇസില്‍ വേട്ട നടത്തണമെന്ന്. അസദിനെ പുറത്താക്കണമെന്നും അവര്‍ ശഠിക്കുന്നു. റഷ്യ ശ്രമിക്കുന്നത് ബശര്‍ അല്‍ അസദിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിഹാരത്തിനാണ്. ബുഷിന്റെ ഇറാഖ് അധിനിവേശമാണ് ഇസിലിന്റെ വളര്‍ച്ചക്ക് കാരണമായതെന്ന് ബരാക് ഒബാമ പറയുന്നത് കേട്ടു. അന്നത്തെ ബുഷിന്റെ കൂട്ടാളിയായ ടോണി ബ്ലെയറും അത് തന്നെ പറഞ്ഞു. ഇന്ന് ഒബാമ ഭരണകൂടം ചെയ്യുന്നതിന്റെ കുമ്പസാരവും കുറ്റപ്പെടുത്തലും ഒരു പത്ത് വര്‍ഷം കഴിഞ്ഞിട്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് നടത്തും. അതിന് മുമ്പ് ഒരു പക്ഷേ ഇസില്‍ സംഘം ചില രാജ്യങ്ങളുടെ അധികാരം തന്നെ പിടിച്ചേക്കാം. അങ്ങനെ നിലവില്‍ വരുന്ന ഭരണകൂടവുമായി ആദ്യം നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങള്‍ ഇസ്‌റാഈലും അമേരിക്കയുമായിരിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്