Connect with us

International

ഇസിലിനെതിരെ നടപടി ശക്തമക്കാന്‍ യു എന്നും യൂറോപ്യന്‍ യൂനിയനും

Published

|

Last Updated

പാരീസ്: ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ യു എന്‍ സുരക്ഷാ സമിതി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തികളിലെ പരിശോധന ശക്തമാക്കാന്‍ യൂറോപ്യന്‍ യൂനിയനും അതിന്റെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യു എന്നും യൂറോപ്യന്‍ യൂനിയനും തങ്ങളുടെ അംഗ രാജ്യങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷ ശക്തമാക്കാനും ആവശ്യപ്പെട്ടിരിക്കുന്നത്. ഇസിലിനെതിരെ ആവശ്യമായ മുഴുവന്‍ നടപടികളും കൈക്കൊള്ളാന്‍ അനുമതി നല്‍കുന്ന പ്രമേയം യു എന്‍ സുരക്ഷാ സമിതിയില്‍ പാസ്സാക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മാലിയിലെ ഭീകരാക്രമണം നടന്നത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് പാരീസില്‍ നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തികളിലെ പരിശോധന ശക്തിപ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയനിലെ മന്ത്രിമാര്‍ ധാരണയിലെത്തി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയില്‍ ഫ്രാന്‍സാണ് ഇസിലിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. റഷ്യയും ഈ പ്രമേയത്തെ പിന്തുണച്ചു. ഇറാഖിലേക്കും സിറിയയിലേക്കും വിദേശ തീവ്രവാദികള്‍ പ്രവേശിക്കുന്നത് തടയണമെന്നും തീവ്രവാദികളെ നിയന്ത്രിക്കുന്നതിന് ഉപരോധം ഏര്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഈ നീക്കത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ സ്വാഗതം ചെയ്യുകയും ചെയ്തു.