Connect with us

Gulf

നൂതനാശയ വാരാചരണം ഇന്നു മുതല്‍

Published

|

Last Updated

ദുബൈ: യു എ ഇയിലെമ്പാടും ഇന്നുമുതല്‍ നൂതനാശയ വാരാചരണം. ഈ മാസം 28 വരെ നീണ്ടുനില്‍ക്കുന്ന യു എ ഇ ഇന്നൊവേഷന്‍ വീക്കില്‍ 800 കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കപ്പെടും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണിത്. നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഇതില്‍ പങ്കാളികളാകുന്നുണ്ട്. പല സ്ഥലങ്ങളിലും ശാസ്ത്ര പ്രദര്‍ശനങ്ങളും മത്സരങ്ങളും നടക്കും. പുനരുത്പാദക ഊര്‍ജം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികത, ജലം, ബഹിരാകാശം എന്നീ മേഖലകളിലാണ് യു എ ഇ ഭരണകൂടത്തിന്റെ ദേശീയ നൂതനാശയ ആസൂത്രണം. ഇതിനു പുറമെ സാംസ്‌കാരിക രംഗത്തുള്ള കുതിപ്പിന് കൂടി ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് ഇന്നൊവേഷനാണ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ദുബൈയില്‍ ആര്‍ ടി എ, മീഡിയ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രത്യേകം പരിപാടികള്‍ നടത്തുന്നുണ്ട്. ശൈഖ് മുഹമ്മദിന്റെ നിര്‍ദേശപ്രകാരം മീഡിയ ഇന്നൊവേഷന്‍ ലാബ് സ്ഥാപിക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മുന അല്‍ മറി അറിയിച്ചു. ലോകത്തില്‍ ആദ്യമായാണ് ഇത്രയധികം നവീന ആശയങ്ങളും കണ്ടുപിടുത്തങ്ങളും അവതരിപ്പിക്കപ്പെടുന്നത്.
യു എ ഇ നൂതന കണ്ടുപിടിത്ത വാരാഘോഷത്തിന്റെ ഭാഗമായി അറ്റ് ലാബ് കമ്പനി കുട്ടികള്‍ക്ക് ശാസ്ത്ര പ്രതിഭാ മത്സരങ്ങള്‍ നടത്തും. ഇന്നുമുതല്‍ 28 വരെയാണ് കണ്ടുപിടുത്ത വാരാഘോഷം.
പ്രാഥമിക വിദ്യാലയത്തിലെ കുട്ടികള്‍ റോബോട്ട്, യു എ ഇ പതാകയുടെ നിറങ്ങളില്‍ സ്റ്റോറി സ്റ്റാര്‍ട്ടര്‍ തുടങ്ങിയവ നിര്‍മിക്കുമെന്ന് ജനറല്‍ മാനേജര്‍ എസ് സെന്തില്‍ കുഗന്‍ അറിയിച്ചു. വര്‍ഖയിലെ ദി സ്‌കൂള്‍ ഓഫ് റിസര്‍ച്ച് സയന്‍സിലാണ് പരിപാടി.