Connect with us

Gulf

പ്രമേഹം തടയാന്‍ ദേശീയ കര്‍മ പദ്ധതി

Published

|

Last Updated

ദോഹ: പ്രമേഹത്തെ തടയാന്‍ കര്‍മപദ്ധതികളുമായി ആരോഗ്യമന്ത്രാലയം. “ഒന്നിച്ച് പ്രമേഹത്തെ തടയാം” എന്ന പ്രമേയത്തിന് കീഴില്‍ അടുത്ത ഏഴ് വര്‍ഷത്തേക്കുള്ള “ഖത്വര്‍ ദേശീയ പ്രമേഹ പ്രതിരോധതന്ത്രം” ആരോഗ്യമന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനി പ്രഖ്യാപിച്ചു. ആരോഗ്യരംഗത്തെ വെല്ലുവിളികളില്‍ പ്രധാനപ്പെട്ടതിനെയാണ് പദ്ധതി അഭിമുഖീകരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രമേഹത്തിന്റെ അനന്തരഫലങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. രോഗം വ്യാപിക്കുന്നത് തടയുകയും പ്രമേഹരോഗികളുടെ ജീവിതം മെച്ചപ്പെടുത്തുകയും വേണം. അതിനാല്‍ പ്രമേഹത്തെ ദേശീയ പ്രശ്‌നമായി എടുത്ത് തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഖത്വരികള്‍ക്കിടയില്‍ 17 ശതമാനം പേര്‍ പ്രമേഹരോഗികളാണ്. മിന മേഖലയില്‍ പത്ത് ശതമാനവും ലോകജനസംഖ്യയുടെ എട്ട് ശതമാനവും പ്രമേഹരോഗത്തിന്റെ പിടിയിലാണ്. ഈ നില തുടര്‍ന്നാല്‍ 2045ഓടെ ഖത്വറില്‍ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയാകും. രാജ്യത്ത് വസിക്കുന്ന തദ്ദേശീയരുടെയും മറ്റുള്ളവരുടെയും ആരോഗ്യനിലയില്‍ ഒരുപോലെ പുരോഗതിയുണ്ടാക്കുന്ന പദ്ധതികളാണ് ഏഴ് വര്‍ഷം കൊണ്ട് നടപ്പാക്കുക. പദ്ധതിയുടെ ആദ്യ പടിയായി പ്രമേഹ ബോധവത്കരണം, തടയല്‍ മാര്‍ഗങ്ങള്‍ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നടപടി അടുത്ത വര്‍ഷത്തോടെയെടുക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തുടര്‍ച്ചയായ ബോധവത്കരണവും നിര്‍ദേശങ്ങളും നല്‍കും. 2018ഓടെ ദേശീയതലത്തിലുള്ള പരിശോധനകളും രോഗം നേരത്തെ കണ്ടെത്തി പരിഹരിക്കാനുള്ള മാര്‍ഗങ്ങളും നടപ്പാക്കും. 2019ഓടെ പ്രമേഹരോഗ മേഖലയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നൂതനമാര്‍ഗങ്ങളെ സംബന്ധിച്ച അവബോധവും പരിശീലനവും നല്‍കും. 2020ഓടെ കര്‍മപദ്ധതിയനുസരിച്ചുള്ള എല്ലാ പരിഹാര മാര്‍ഗങ്ങളും നടപ്പാക്കും. ആ വര്‍ഷത്തോടെ രോഗബാധ നിര്‍ണയം പൂര്‍ത്തിയാക്കുകയും രോഗികള്‍ക്ക് വാര്‍ഷിക ആരോഗ്യ പദ്ധതി നല്‍കുകയും ചെയ്യും. ഇതനുസരിച്ച് 2022ഓടെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്താനാകും.
ആരോഗ്യരക്ഷാ ചെലവുകള്‍ സമഗ്രമായും തുടര്‍ച്ചയായും വിശകലനം ചെയ്യുന്നതാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്‌കീം എന്ന് ആരോഗ്യ മന്ത്രാലയത്തിലെ പോളിസി അഫയേഴ്‌സ് അസി.സെക്രട്ടറി ജനറല്‍ ഡോ. ഫലാഹ് മുഹമ്മദ് ഹുസൈന്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ് സേവനങ്ങളുടെ ഉപയോഗം, ഉപയോഗിച്ച സേവനങ്ങളുടെ ചെലവ്, നല്‍കിയ സേവനത്തിന്റെ ഗുണമേന്‍മ തുടങ്ങിയവയാണ് വിശകലനം ചെയ്യുക. ആരോഗ്യരംഗത്ത് ജനങ്ങള്‍ക്കുള്ള ചെലവ് കുറക്കാനും ആരോഗ്യ സേവനങ്ങള്‍ക്ക് സ്വകാര്യ മേഖലക്ക് സ്ഥാനം നല്‍കാനും രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ ആവശ്യങ്ങള്‍ അഭിമുഖീകരിക്കാനുമുള്ള അവസരം നല്‍കുക തുടങ്ങിയവ കൂടി ആരോഗ്യ സുരക്ഷാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011-16 വര്‍ഷത്തെ ആരോഗ്യ കര്‍മ പദ്ധതിയിലെ മൂന്നാമത്തെലക്ഷ്യം അടിസ്ഥാനമാക്കിയാണ് 2017-22ലെ കര്‍മ പദ്ധതിയെന്ന് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി അറിയിച്ചു. പ്രായത്തിനനുസരിച്ചുണ്ടാകുന്ന രോഗങ്ങള്‍, പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, പുകയില ഉപയോഗം തുടങ്ങിയ അതിന്റെ കാരണങ്ങളും നേരിടാനുള്ള നടപടികളും ഇതില്‍പെടും. പദ്ധതിക്കാവശ്യമായ എല്ലാ സാങ്കേതിക സഹായവും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹനാന്‍ അല്‍ കുവാരി അറിയിച്ചു.

Latest