Connect with us

Business

വെളിച്ചെണ്ണ വില കയറി; കുരുമുളക് വില താഴേക്ക്

Published

|

Last Updated

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാളികേര വിളവെടുപ്പ് തടസ്സപ്പെട്ടു. അപ്രതീക്ഷിതമായി പച്ചത്തേങ്ങയുടെ ലഭ്യത കുറഞ്ഞത് കൊപ്ര കളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇത് വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് വഴിതെളിയിച്ചു. കൊച്ചിയില്‍ എണ്ണ വില 9800 ല്‍ നിന്ന് 10,000 രൂപയായി. പ്രദേശിക വിപണികളില്‍ എണ്ണ വില്‍പ്പന ചുരുങ്ങിയതിനാല്‍ വന്‍ കുതിപ്പുകള്‍ക്ക് തല്‍ക്കാലം സാധ്യതയില്ല. കൊപ്ര 6650ല്‍ നിന്ന് 6780 രൂപയായി.
ശൈത്യം കനത്തതോടെ ചുക്കിന് ആവശ്യക്കാര്‍ ഏറി. വിപണിയില്‍ ചുക്ക് സ്‌റ്റോക്ക് കുറവാണെങ്കിലും വില ഉയര്‍ത്താന്‍ വാങ്ങലുകാര്‍ തയ്യാറായില്ല. വിവിധയിനം ചുക്ക് 19,000-20,500 രൂപയിലാണ്.
ആഭ്യന്തര വ്യാപാരികള്‍ കുരുമുളക് സംഭരണം കുറച്ചതോടെ ഉത്പന്ന വില ക്വിന്റലിന് 500 രൂപ കുറഞ്ഞു. സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 72,000 രൂപയില്‍ നിന്ന് 71,500 ലേക്ക് വാരാവസാനം വില കുറഞ്ഞു. നാലാഴ്ച്ചയായി മുന്നേറിയ കുരുമുളക് വാരത്തിന്റെ രണ്ടാം പകുതിയിലാണ് താഴ്ന്നത്. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള മുളക് നീക്കം കുറവാണ്. ഉത്പാദന മേഖലയില്‍ നിന്ന് പ്രതിദിന വരവ് 20 ടണ്ണില്‍ ഒതുങ്ങി. ലഭ്യത കുറവ് വിപണിയുടെ അടിത്തറക്ക് ശക്തിപകരും. ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 11,400 ഡോളര്‍. വിദേശ കുരുമുളക് ഇറക്കുമതിക്ക് സാധ്യത നിലനില്‍ക്കുന്നു. ഇന്ത്യന്‍ വിലയെക്കാള്‍ ഏകദേശം ടണ്ണിന് 2000 ഡോളര്‍ കുറച്ചാണ് ശ്രീലങ്ക കുരുമുളക് കൈമാറുന്നത്.
ഉത്പാദന മേഖലകളില്‍ നിന്നുള്ള റബ്ബര്‍ ഷീറ്റ് വരവ് കുറവാണ്. ഉത്തരേന്ത്യന്‍ റബ്ബര്‍ വ്യവസായികള്‍ മുഖ്യ വിപണികളില്‍ തിരിച്ച് എത്തിയെങ്കിലും ഷീറ്റ് വില ഉയര്‍ത്താന്‍ അവര്‍ തയ്യാറായില്ല. കോട്ടയത്ത് നാലാം ഗ്രേഡ് 10,850 വരെ ഇടിഞ്ഞു. കൊച്ചിയില്‍ നാലാം ഗ്രേഡ് 10,900 രൂപയില്‍ സ്‌റ്റെഡി ക്ലോസിംഗ് കാഴ്ച്ചവെച്ചു.
സ്വര്‍ണ വില ചാഞ്ചാടി. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 19,240 രൂപയില്‍ നിന്ന് 19,080 ലേക്ക് താഴ്ന്ന ശേഷം 19,280 രൂപയിലാണ്. ലണ്ടനില്‍ വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1077 ഡോളര്‍.

Latest