Connect with us

National

ആനുകൂല്യത്തിന് മികവ് അടിസ്ഥാനമാക്കണമെന്ന് ശമ്പള കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കിയാകണമെന്ന് ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ. ഇതിനായി പ്രവര്‍ത്തനക്ഷമത നിരന്തരം നിരീക്ഷിക്കുന്ന സംവിധാനം എല്ലാ വകുപ്പുകളിലും നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിക്കുന്ന ജീവനക്കാര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ് അനുവദിക്കരുതെന്നാണ് കമ്മീഷന്റെ പ്രധാന ശിപാര്‍ശ.
പ്രവര്‍ത്തന മികവ് കുറഞ്ഞവര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തി ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാനും അല്ലെങ്കില്‍ സ്വമേധയാ വിരമിക്കാനുള്ള അവസരം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന മികവ് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കമ്മീഷന്റെ ഈ നിര്‍ദേശം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ശമ്പള വര്‍ധനവും ആനുകൂല്യങ്ങളും അനുവദിക്കാന്‍ നടപടി സ്വീകരിച്ചാല്‍ ജീവനക്കാരുടെ കാര്യക്ഷമതയും ആത്മാര്‍ഥതയും വര്‍ധിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഇക്കാര്യം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഇത്തരം നടപടികള്‍ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കുള്ള ശിക്ഷാനടപടിയായി കണക്കാക്കില്ല. ഇങ്ങനെ ആനുകൂല്യങ്ങള്‍ നല്‍കപ്പെടാത്ത ജീവനക്കാര്‍ക്കെതിരെ മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കിലും കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നിബന്ധനയായി ഇത് പരിഗണിക്കപ്പെടും.
സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് കാലയളവും സീനിയോറിറ്റിയും മാത്രം പരിഗണിച്ച് ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും തനിയെ വന്നുചേരുമെന്ന ധാരണയാണ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്ളതെന്ന് പരിഹാസ രൂപേണ പരമാര്‍ശിക്കുന്ന റിപ്പോര്‍ട്ട്, ഇതിനു പകരം ഓരോ ജീവനക്കാരന്റെയും പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുന്ന പെര്‍ഫോമന്‍സ് റിലേറ്റഡ് പേ (പി ആര്‍ പി) സംവിധാനം കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ വിഭാഗത്തിലും നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ പിന്നെയും ആനുകൂല്യങ്ങള്‍ പറ്റുന്നതിനെ നിശിതമായി വിമര്‍ശിക്കുന്ന കമ്മീഷന്‍ അത്തരക്കാര്‍ക്ക് സര്‍വീസില്‍ കയറി ഇരുപത് വര്‍ഷത്തേക്ക് സ്ഥാനക്കയറ്റം പോലും നല്‍കരുതെന്നും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പില്‍ വരുന്നതോടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനം വര്‍ധന വരുത്തണമെന്ന ശിപാര്‍ശയോടെ ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചത്. നിലവിലെ ശമ്പളം പുനഃപരിശോധിക്കാന്‍ 2014ല്‍ യു പി എ സര്‍ക്കാറാണ് കമ്മീഷനെ നിയോഗിച്ചത്.

---- facebook comment plugin here -----

Latest