Connect with us

Kozhikode

അമൃത് നഗരമാകാന്‍ കോഴിക്കോട് ഒരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: രാജ്യത്തെ അഞ്ഞൂറ് അമൃത് നഗരങ്ങളില്‍ കോഴിക്കോടിനെ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ നഗരത്തില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കം തുടങ്ങി. കഴിഞ്ഞ ജൂണ്‍ 25 നായിരുന്നു അമൃത് പദ്ധതി പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് നഗര പദ്ധതിയായിരുന്നു കോഴിക്കോട് പ്രതീക്ഷിച്ചതെങ്കിലും കേരളത്തില്‍ നിന്ന് കൊച്ചി മാത്രമായിരുന്നു പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ഇള്‍പ്പെടെ 18 നഗരങ്ങളാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടത്.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി കോര്‍പറേഷന്‍ ഇന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്തു. അമൃത് പദ്ധതി കോഴിക്കോട് കോര്‍പറേഷനില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്മാര്‍ട് സിറ്റി മാനേജിംഗ് ഡയറക്ടര്‍ സജീഷുമായി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഈ മാസം ആദ്യം ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്താകെ 500 നഗരങ്ങളിലാണ് അമൃത് പദ്ധതി നടപ്പാക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരത്തിന്റെ മുഖഛായ മാറ്റുന്നതാണ് പദ്ധതി. അടിസ്ഥാന സൗകര്യവികസനം, ഭവന നിര്‍മാണം, ഗതാഗതം, വൈദ്യുതി, കുടിവെള്ളവിതരണം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സംരക്ഷണം, കുട്ടികള്‍ക്കായി പാര്‍ക്ക്, ഫ്‌ളൈഓവര്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അമൃത് നഗരം പദ്ധതി ഊന്നല്‍ നല്‍കുക. അമൃത് നഗരങ്ങള്‍് 2022ന് മുമ്പായി നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
അമൃത് പദ്ധതിയിലുള്ള നഗരങ്ങള്‍ക്ക് ശരാശരി നൂറുകോടി രൂപവീതമാണ് ലഭിക്കുന്നത്. അമൃത് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ഇതിനകം ഏഴ് കോട് രൂപ ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 105 കോടിയാണ് ചെലഴിച്ചിട്ടുള്ളത്. നഗരങ്ങള്‍ തയാറാക്കുന്ന സിറ്റി പ്ലാനിന്റെ അടിസ്ഥാനത്തിലാവും ആദ്യഘട്ട സഹായം ലഭിക്കുന്ന ഇരുപത് നഗരങ്ങളെ തെരഞ്ഞെടുക്കുന്നത്. അമൃത് നഗരങ്ങളില്‍ അടുത്ത നാലുവര്‍ഷക്കാലം നടത്തേണ്ട പരിഷ്‌കരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അക്കമിട്ടു പറഞ്ഞിട്ടുണ്ട്.
നികുതി പിരിവിലെ കാര്യക്ഷമത മുതല്‍ ഇ ഗവേണന്‍സ് വരെ പതിനൊന്നു കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. അമൃത് മിഷന്‍ നടപ്പാക്കാന്‍ തിരഞ്ഞെടുത്ത നഗരങ്ങളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കും. ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, മാലിന്യസംസ്‌കരണം, അഴുക്കുചാല്‍, പരിസ്ഥിതി സംരക്ഷണം, കുട്ടികളെ ലക്ഷ്യംവെച്ചുള്ള പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്കാവും ഊന്നല്‍ നല്‍കുക. ഇതോടൊപ്പം, മുനിസിപ്പല്‍ ഭരണവുമായി ബന്ധപ്പെട്ട് ചില പരിഷ്‌കരണങ്ങളും കേന്ദ്രം നിര്‍ദേശിക്കും. സംസ്ഥാനങ്ങള്‍ പ്രത്യേക മുനിസിപ്പല്‍ കാഡറുകള്‍ രൂപവത്കരിക്കുകയും മുനിസിപ്പല്‍ ഭരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തുകയും വേണം.
ഫണ്ടുകളുടെ കൈമാറ്റത്തിന് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും മുനിസിപ്പാലിറ്റികളുടെ നികുതി പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്യണം. വൈദ്യുതി, വെള്ളം എന്നിവ ചെലവഴിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ “എല്ലാവര്‍ക്കും വീട്” പദ്ധതിയില്‍ കേരളത്തിലെ 15 നഗരങ്ങള്‍ പദ്ധതിയില്‍ ഇടംപിടിച്ചതില്‍ ഒന്ന് കോഴിക്കോടാണ് . ആലപ്പുഴ, കല്‍പ്പറ്റ, കണ്ണൂര്‍, കാസര്‍കോഡ്, കൊച്ചി, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൊടുപുഴ, തൃക്കാക്കര, തൃശൂര്‍ എന്നീ നഗരങ്ങളിലുമാണ് എല്ലാവര്‍ക്കും വീട് പദ്ധതി നടപ്പാക്കുന്നത്.
നഗരങ്ങളിലെ പാവങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുകയെന്ന പദ്ധതിയിലൂടെ ചേരിനിര്‍മാര്‍ജനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. നഗരങ്ങളില്‍ അധിവസിക്കുന്ന പാവപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കുന്നതിനായി ബന്ധപ്പെട്ട പദ്ധതിയും ഇതില്‍ പ്രധാനമാണ്.
ഒരുലക്ഷം രൂപ മുതല്‍ 2.30 ലക്ഷം രൂപ വരെ ഓരോ വീടുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മുടക്കും.