Connect with us

Wayanad

നരഭോജി കടുവയെ പിടികൂടാന്‍ കര്‍ണാടക വനം വകുപ്പ് ശ്രമം ഊര്‍ജ്ജിതമാക്കി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയോട് തൊട്ട് സ്ഥിതി ചെയ്യുന്ന കര്‍ണാടക എച്ച് ഡി കോട്ട താലൂക്കില്‍ മധ്യവയസ്‌കനെ കൊന്ന് മാംസം ഭക്ഷിച്ച നരഭോജി കടുവയെ പിടികൂടാന്‍ കര്‍ണാടക വനം വകുപ്പ് ശ്രമം ഊര്‍ജ്ജിതമാക്കി.
എച്ച്. ഡി കോട്ടയിലെ ഹഡാനൂരു വില്ലേജിലെ ശിവണ്ണ(55)യെയാണ് കടുവ ആക്രമിച്ചുകൊലപ്പെടുത്തിയത്. കന്നുകാലികളെ മേച്ചുകൊണ്ടിരിക്കുകയായിരുന്ന ശിവണ്ണയുടെ മേല്‍ കടുവ ചാടിവീഴുകയായിരുന്നു. കൂടെ കാലി മേക്കാനുണ്ടായിരുന്ന നാഗണ്ണയാണ് ശിവണ്ണയെ കടുവ പിടിച്ച കാര്യം ഗ്രാമീണരെ അറിയിച്ചത്.
ഇതോടെ ഗ്രാമവാസികള്‍ സംഘടിച്ചെത്തി മൃതദേഹത്തിനായി തെരച്ചില്‍ നടത്തി. ഒടുവില്‍ ശിവണ്ണയുടെ മൃതദേഹവും അതിന് മുകളിലെ മരത്തില്‍ കടുവയെയും കണ്ടെത്തുകയായിരുന്നു.
കടുവയെ പടക്കം പൊട്ടിച്ചും ശബ്ദം വെച്ചുമാണ് കാട്ടിലേക്ക് ഓടിച്ചത്. മാനസിക രോഗമുള്ള ദേവമ്മ എന്ന വൃദ്ധയെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. ഇവരുടെ മൃതദേഹവും ഇതിനടുത്ത് വെച്ച് കണ്ടെത്തി. കടുവയുടെ അക്രമത്തിലെന്ന് സംശയിക്കാവുന്ന മുറിവുകളും നാഗമ്മയുടെ ശരീരത്തിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ നാഗമ്മയെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിക്കാന്‍ വനം വകുപ്പ് തയ്യാറായില്ല. ഒക്ടോബര്‍ 14ന് നാഗരാജ് എന്നയാളും കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പൂജക്കെത്തിയ മാണ്ഡ്യ സ്വദേശി നരേന്ദ്രയെ കടുവ അക്രമിച്ച് മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. എച്ച്.ഡി കോട്ടയിലെ പല ഗ്രാമങ്ങളും കടുവഭീതിയിലാണ്. രാത്രിയായാല്‍ പലര്‍ക്കും പുറത്തിറങ്ങാന്‍ മടിയാണ്.
നരഭോജി കടുവയെ പിടികൂടാന്‍ എച്ച്.ഡി കോട്ട ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മല്ലേഷിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതശ്രമമാണ് നടക്കുന്നത്. കടുവയ്ക്കായി നാല് കൂടുകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. നായകളെ ഇരയാക്കിയാണ് കൂടുതല്‍ സ്ഥാപിച്ചത്. കടുവയെ കണ്ടെത്തുകയാണെങ്കില്‍ മയക്കുവെടി വെക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.