Connect with us

Wayanad

തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ ഡിസംബര്‍ ആദ്യം

Published

|

Last Updated

കല്‍പ്പറ്റ: നഗരസഭകളിലും തദ്ദേശസ്ഥാപനങ്ങളിലും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരെ ഡിസംബര്‍ രണ്ടിനു മുമ്പ് തിരഞ്ഞെടുക്കും. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലു വീതവും ജില്ലാ പഞ്ചായത്തില്‍ അഞ്ചും നഗരസഭയില്‍ ആറും സ്ഥിരം സമിതികളിലേക്കാണ് തിരഞ്ഞെടുപ്പ്. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പൊതു തെരെഞ്ഞെടുപ്പ് നടത്തിയ ഭരണാധികാരികള്‍ തന്നെയാവും തെരെഞ്ഞെടുപ്പ് നടത്തുക. ജില്ലാ പഞ്ചായത്തില്‍ എഡിഎമ്മായിരിക്കും വരണാധികാരി. തദ്ദേശ സ്ഥാപനത്തില്‍ ആകെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം സമിതിയംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. അധ്യക്ഷനും ഉപാധ്യക്ഷനും ഒഴികെയുള്ള എല്ലാ അംഗങ്ങളെയും ഏതെങ്കിലുമൊരു സ്ഥിരം സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചട്ടം.
എല്ലാ സ്ഥിരം സമിതികളിലും ഒരംഗമെങ്കിലും വനിതയായിരിക്കണം. ധനകാര്യസ്ഥിരം സമിതിയൊഴികെ മറ്റെല്ലാ അധ്യക്ഷന്മാരെയും അതത് അംഗങ്ങള്‍ തെരെഞ്ഞെടുക്കും. തദ്ദേശസ്ഥാപന ഉപാധ്യക്ഷന്മാരാണ് ധനകാര്യ സമിതി ചെയര്‍മാനാവുക. മുനിസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തുകളിലും മൂന്നു വീതവും ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടു വീതവും സ്ഥിരം സമിതികളുടെ അധ്യക്ഷ പദവി വനിതാ സംവരണമാണ്. ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, സ്ഥിരം സമിതികളാണ് ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടത്. ജില്ലാ പഞ്ചായത്തില്‍ ഇവ കൂടാതെ പൊതുമരാമത്ത് സ്ഥിരം സമിതി കൂടെയുണ്ടാകും.
ഈ സമിതികള്‍ക്ക് പുറമേ സഗരസഭയില്‍ വിദ്യാഭ്യാസ സ്ഥിരംസമിതിയുണ്ടാകും. സ്ഥിരം സമിതി അംഗങ്ങളുടെ തെരെഞ്ഞെടുപ്പിന്റെ അഞ്ചു ദിവസം മുമ്പ് നാമനിര്‍ദേശ പത്രികകളുടെ വിവരങ്ങളടങ്ങുന്ന നോട്ടീസ് നല്‍കും. എല്ലാ സ്ഥിരം സമിതികളിലേക്കും ഒരു വനിതാ അംഗത്തിന്റെ തെരഞ്ഞെടുപ്പാകും ആദ്യം നടത്തുക. സ്ഥിരം സമിതിയിലേക്ക് അംഗങ്ങളെ മറ്റൊരംഗം നിര്‍ദേശിക്കുകയോ പിന്താങ്ങുകയോ വേണ്ട. സ്വയം നാമനിര്‍ദേശം ചെയ്യാം. ഒരു സ്ഥിരം സമിതിയിലേക്ക് നിശ്ചയിച്ചിട്ടുള്ളതില്‍ കൂടുതല്‍ അംഗങ്ങളുടെ നാമനിര്‍ദേശം കിട്ടിയാല്‍ മുന്‍ഗണനാക്രമം അനുസരിച്ചുള്ള വോട്ടിങ് രീതിയിലൂടെയാവും തെരഞ്ഞെടുപ്പ്. ഏതെങ്കിലും അംഗം സ്ഥിരം സമിതിയിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാതിരിക്കുകയും സ്ഥിരം സമിതികളില്‍ ഒഴിവുണ്ടാവുകയും ചെയ്താല്‍ ഒരു സമിതികളിലും അംഗമല്ലാത്ത മെമ്പര്‍മാരെ യോഗത്തിന്റെ ഭൂരിപക്ഷ തീരുമാന പ്രകാരം സ്ഥിരംസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കും. മറ്റൊരു ദിവസമായിരിക്കും സ്ഥിരം സമിതി ചെയര്‍മാന്മാരെ തെരഞ്ഞെടുക്കാനുള്ള യോഗം ചേരുക. ഇതിനായി രണ്ടു ദിവസം മുമ്പ് വരണാധികാരി നോട്ടീസ് പുറപ്പെടുവിക്കും. യോഗം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സ്വീകരിക്കും.സ്ഥിരം സമിതി ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നാമനിര്‍ദേശങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന അംഗം ആ പദവി ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ്. സ്ഥിരം സമിതി അംഗങ്ങളെയും അധ്യക്ഷന്മാരെയും തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ ക്വോറം ബാധകമല്ല.

---- facebook comment plugin here -----

Latest