Connect with us

Gulf

റിയാദില്‍ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തി

Published

|

Last Updated

റിയാദ്: നാട്ടില്‍ നിന്നും വന്ന ശേഷം കുടുംബവുമായി ബന്ധപ്പെടാതിരുന്ന കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി നിതീഷ് ലാലിനെ സാമൂഹ്യ പ്രവര്‍ത്തകര്‍ സ്‌പോണ്‍സറുടെ കൂടെ റിയാദില്‍ കണ്ടെത്തി. നാട്ടില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച നിതീഷിനെ ഉടനെ നാട്ടിലയക്കാന്‍ വേണ്ടത് ചെയ്യാമെന്ന് ജീവകാരുണ്യ പ്രവര്‍ത്തകനായ മുനീബ് പാഴൂരിന് സ്‌പോണ്‍സര്‍ ഉറപ്പ് നല്‍കി.

2009 ലാണ് കോഴിക്കോട് തിരുവണ്ണൂരിലെ നിതീഷ് ലാല്‍ ആനപ്പറമ്പത്ത് (34) പുതിയ വിസയില്‍ റിയാദിലെത്തുന്നത്. ഒലയ്യയിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തിരുന്ന നിതീഷ് സഹപ്രവര്‍ത്തകനായ തമിഴ്‌നാട് സ്വദേശിയുമായുണ്ടായ അടിപിടിയെത്തുടര്‍ന്ന് 2013 ല്‍ പോലീസ് പിടിയിലാവുകയായിരുന്നു. ആറ് മാസം മലസിലും പിന്നീട് 6 മാസം അല്‍ ഹായിറിലും ജയില്‍ വാസം അനുഷ്ടിച്ച നിതീഷിനെ നഷ്ടപരിഹാരം നല്‍കിയതിനെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ ജാമ്യത്തിലിറക്കി. നഷ്ടപരിഹാരത്തുകയായ 15,000 റിയാലില്‍ 5000 സ്‌പോണ്‍സറും 10,000 റിയാല്‍ റിയാദില്‍ ജോലി ചെയ്തിരുന്ന നിതീഷിന്റെ സഹോദരന്‍ ഉമേഷുമാണ് സംഘടിപ്പിച്ച് നല്‍കിയത്. കേസ് പൂര്‍ണ്ണമായും ഒത്തുതീര്‍പ്പിലാകാതെ തന്നെ ജാമ്യത്തിലിറങ്ങിയ നിതീഷ് പിന്നീട് സ്‌പോണ്‍സറുടെ തുമാമയിലുള്ള ക്യാമ്പില്‍ ഒട്ടകത്തിനെ നോക്കുകയായിരുന്നത്രെ.

2013 മാര്‍ച്ച് മാസം മുതല്‍ തന്റെ മകനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ട് നിതീഷ് ലാലിന്റെ അമ്മ എ.പി കാര്‍ത്തിക റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് പരാതി അയച്ചിരുന്നു. എംബസിയില്‍ നിന്നുമാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ മുനീബ് പാഴൂരിന് നിതീഷിനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. അതിനെത്തുടര്‍ന്ന് മുനീബ് നടത്തിയ അന്വേഷണത്തിലാണ് സ്‌പോണ്‍സറെ കണ്ടെത്തിയതും നിതീഷിനെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചതും. ഇതുവരെ നാടുമായി ബന്ധപ്പെടാന്‍ താല്‍പ്പര്യം കാണിക്കാത്തതിനാലാണ് നിതീഷിന്റെ കേസില്‍ തീര്‍പ്പുണ്ടാക്കി നാട്ടിലേക്ക് വിടാതിരുന്നതെന്നാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. എന്നാല്‍ നിതീഷ് നാട്ടില്‍ പോകണമെന്ന് സാമൂഹ്യ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതിനാല്‍ സ്‌പോണ്‍സര്‍ വേണ്ടത് ചെയ്യാമെന്നേറ്റിട്ടുണ്ട്.

ഒരു മാസത്തിനകം കേസിന്റെ കടലാസുകള്‍ ശരിയാക്കി നാട്ടില്‍ അയക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു. അവിടെ നിന്നു തന്നെ നിതീഷ് നാട്ടിലുള്ള അമ്മയുമായും സഹോദരന്‍ ഉമേഷുമായും ടെലഫോണില്‍ സംസാരിച്ചു. അദ്യം നാട്ടില്‍ പോകാന്‍ നിതീഷ് അത്ര താല്‍പ്പര്യപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് പോകാന്‍ സമ്മതമറിയിക്കുകയായിരുന്നത്രെ. നിതീഷ് ലാല്‍ അവിവാഹിതനാണ്.

Latest