Connect with us

Eranakulam

365 കോടിയുടെ അത്യാധുനിക ആയുധക്കപ്പല്‍ നിര്‍മിക്കുന്നു

Published

|

Last Updated

കൊച്ചി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി ആര്‍ ഡി ഒക്ക് വേണ്ടി കൊച്ചി കപ്പല്‍ നിര്‍മാണശാല രഹസ്യകപ്പല്‍ നിര്‍മിക്കുന്നു. 365 കോടി രൂപയാണ് നിര്‍മാണ ചെലവ്.
ദീര്‍ഘദൂര മിസൈലുകളടക്കം ട്രാക്ക് ചെയ്യാനാകുന്ന അത്യാധുനിക സെന്‍സറുകള്‍, റഡാറുകള്‍ എന്നിവ അടങ്ങുന്ന ഈ ആയുധക്കപ്പലിന്റെ നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഡി ആര്‍ ഡി ഒ ലക്ഷ്യമിടുന്നത്. അതേസമയം, ഇതുവരെ ഡി ആര്‍ ഡി ഒയോ കൊച്ചി കപ്പല്‍ശാലയോ പുതിയ പദ്ധതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പദ്ധതിക്കായി ഇരു കൂട്ടരും ആഗസ്റ്റ് അവസാനം ഒപ്പു വെച്ചതായി ഡി ആര്‍ ഡി ഒ വൃത്തങ്ങള്‍ സൂചന നല്‍കി. പുതിയ ആയുധക്കപ്പലിന്റെ നിര്‍മാണത്തിനായി ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ), ഐ എന്‍ എസ് വിക്രാന്തിന്റെ നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിട്ടുവെന്ന് ഡി ആര്‍ ഡി ഒ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 130 മീറ്ററാണ് പുതിയതായി നിര്‍മിക്കുന്ന ആയുധക്കപ്പലിന്റെ നീളം. ആയുധക്കപ്പല്‍ തയ്യാറാകുന്നതോടെ ഇന്ത്യന്‍ നേവിക്ക് കൈമാറും. ശത്രുമിസൈലുകള്‍ കണ്ടെത്തുന്നതിന് പ്രത്യേക സെന്‍സറുകള്‍, റഡാറുകള്‍ എന്നിവ സഹിതമാണ് പുതിയ ആയുധക്കപ്പല്‍ സജ്ജമാകുക. ദീര്‍ഘദൂര മിസൈലുകള്‍ മനസ്സിലാക്കാനാകുന്നതിനൊപ്പം വിക്ഷേപിക്കുന്നതിനുള്ള സംവിധാനവും ഈ കപ്പലിലുണ്ടാകും.
കടലില്‍ നിന്ന് വിക്ഷേപിക്കാനാകുന്ന മിസൈലുകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതില്‍ നേവിയും ഡി ആര്‍ ഡി ഒയും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ബരാക് 8 എന്ന പേരില്‍ ദീര്‍ഘദൂര സര്‍ഫസ്റ്റ് എയര്‍ മിസൈല്‍ ഡി ആര്‍ ഡി ഒയും ഇസ്‌റാഈല്‍ എയ്‌റോ സ്‌പെയ്‌സ് ഇന്‍ഡസ്ട്രീസും സംയുക്തമായി നിര്‍മിക്കുകയാണ് ഇപ്പോള്‍. കെ സീരീസില്‍ കെ 15, കെ നാല് എന്നിവയുടെ വിജയകരമായ വിക്ഷേപണത്തോടു കൂടി കാര്യക്ഷമതയുടെ പുതുതലങ്ങള്‍ കൈവരിച്ചിരിക്കുകയാണ് ഇന്ത്യ.
അരിഹന്തില്‍ നിന്ന് വിക്ഷേപിക്കാനിരിക്കുന്നവയാണ് കെ 15, കെ 4 മിസൈലുകള്‍. ബി 05 എന്ന കോഡിലറിയപ്പെടുന്ന കെ 15 720 കിലോമീറ്ററും കെ 4 3500 കിലോമീറ്ററും പരമാവധി ദൂരം പിന്നിടും. കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാനും ഇന്ത്യക്കു പദ്ധതിയുണ്ട്. ഭാരതി ഷിപ്‌യാര്‍ഡുമായാണ് നേരത്തെ കരാര്‍ ഒപ്പ് വെച്ചിരുന്നെങ്കിലും ഭാരതിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം കാലതാമസം നേരിടുമെന്നതിനാല്‍ പെനാല്‍റ്റി ക്ലോസ് അനുസരിച്ച് കരാര്‍ റദ്ദാക്കുകയും കൊച്ചി കപ്പല്‍ശാലയുമായി കരാറില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ഐ എന്‍ എസ് വിക്രാന്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കപ്പല്‍ ശാലയില്‍ അവസാന ഘട്ടത്തിലാണ്.

---- facebook comment plugin here -----

Latest