Connect with us

National

മഴ: തമിഴ്‌നാടിന് 940 കോടിയുടെ കേന്ദ്രസഹായം

Published

|

Last Updated

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായം. കനത്ത മഴയില്‍ കഷ്ടതയനുഭവിക്കുന്ന തമിഴ് ജനതക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 940 കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. 2000 കോടി രൂപയുടെ സാമ്പത്തിക സഹായം അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് 940 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്.
കഴിഞ്ഞ മാസം ഒന്ന് മുതല്‍ ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി 170 ഓളം പേര്‍ മരിച്ചതായി ജയലളിത പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മഴ മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കായി 500 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാറിനോട് 2000 കോടി രൂപയുടെ സാമ്പത്തിക സഹായം തമിഴ്‌നാട് ആവശ്യപ്പെട്ടത്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്ത് ആകെയുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് 8481 കോടി രൂപയോളം വേണ്ടിവരുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂവകുപ്പ് വിലയിരുത്തിയത്.

---- facebook comment plugin here -----

Latest