Connect with us

International

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അര്‍ജന്റീനയില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് വിജയം

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന അര്‍ജന്റീനയില്‍ 12 വര്‍ഷത്തെ ഇടതുഭരണത്തിന് അവസാനമിട്ടുകൊണ്ട് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മൗറീഷ്യോ മാക്‌രി വിജയിച്ചു. രാജ്യത്ത് മനോഹരമായ പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അണികളെ അഭിസംബോധന ചെയ്തുകൊണ്ട് മാക്‌രി പറഞ്ഞു. ഭരണകക്ഷിയുടെ സ്ഥാനാര്‍ഥി ഡാനിയല്‍ സിയോളിയെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മാക്‌രിക്ക് 53 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ സിയോളിക്ക് 47 ശതമാനം വോട്ടും ലഭിച്ചു.

ക്രസ്റ്റിന ഫോര്‍ണാണ്ടസ് ഡി കിച്‌നറുടെയും അന്തരിച്ച ഇവരുടെ ഭര്‍ത്താവ് നെസ്റ്റൊര്‍ കിച്‌നറുടെയും രാഷ്ട്രീയ കാലഘട്ടത്തിനാണ് മാക്‌രി അന്ത്യം കുറിച്ചിരിക്കുന്നത്. തങ്ങളുടെ രാജ്യം വളരണമെന്നും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നാട് വിട്ട തങ്ങളുടെ കുട്ടികള്‍ക്ക് രാജ്യത്തേക്ക് മടങ്ങണമെന്നും ഒരു വോട്ടര്‍ അല്‍ ജസീറയോട് പറഞ്ഞു. ക്രിച്‌നറുടെ ഇടത് സാമ്പത്തിക നയത്തിന് അവസാനം കുറിക്കുമെന്നും രാജ്യത്തെ വ്യവസായ പരിസ്ഥിതി സൗഹൃദ രാജ്യമാക്കി മാറ്റുമെന്നും മാക്‌രി വാഗ്ദാനം ചെയ്തു. 2007ല്‍ നെസ്റ്റോറില്‍നിന്ന് അധികാരമേറ്റെടുത്ത ക്രിച്‌നര്‍ ഇവരുടെ രണ്ട് ഭരണകാലാവധികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.