Connect with us

Kerala

ആവിഷ്‌കാര സ്വാതന്ത്ര്യം: വിവാദ ഉത്തരവ് മരവിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും സ്വകാര്യ റേഡിയോ, ടി വി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും സിനിമ, സീരിയല്‍, പ്രൊഫഷനല്‍ നാടകം എന്നിവയില്‍ അഭിനയിക്കുന്നതിനും വ്യവസ്ഥകള്‍ രൂപവത്കരിച്ച് ഉദേ്യാഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതെന്ന് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
എഴുത്ത് ഉള്‍പ്പടെയുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മേലധികാരികളുടെ അനുമതി വാങ്ങണമെന്നായിരുന്നു ഭരണപരിഷ്‌കാര വകുപ്പിന്റെ വിവാദ ഉത്തരവ്. ഒരിക്കല്‍ അനുമതി വാങ്ങിയാല്‍ പിന്നീട് ഓരോ തവണയും എഴുത്തില്‍ ഏര്‍പ്പെടുമ്പോഴൊക്കെയും അനുമതി വാങ്ങേണ്ടതില്ലായിരുന്നു. പക്ഷേ, പുതിയ ഉത്തരവ് പ്രകാരം ഓരോ തവണയും മേലധികാരികളുടെ അനുമതി വാങ്ങണം എന്നുണ്ടായിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്. ഉത്തരവിനെതിരെ വ്യാപകമായി വിമര്‍ശം ഉയരുകയും ഭരണപക്ഷ അനുകൂല സംഘടനാ നേതാക്കള്‍ തന്നെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്. നാടകം, സിനിമ, സീരിയല്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാക്കിയിരുന്നു. കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.