Connect with us

Malappuram

നാടുണര്‍ന്നത് ദുരന്ത വാര്‍ത്ത കേട്ട്

Published

|

Last Updated

പുളിക്കല്‍: ബസ് ദുരന്തത്തിന്റെ നേര്‍ചിത്രം കണ്ട ഞെട്ടലില്‍ നിന്ന് മുക്തമാക്കാന്‍ അയല്‍വാസികള്‍ക്ക് ഇതുവരെ കഴിഞ്ഞില്ല.
ദേശീയ പാതയിലെ കൈതക്കുണ്ടയിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ആര്‍പ്പുവിളികളും ഞെരക്കവും ശരീരഭാഗം ചിന്നിച്ചിതറി കിടക്കുന്നതും കണ്ട് ഒരുവേള എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കേണ്ടി വന്നു പ്രദേശത്തുകാര്‍ക്ക്.
സംഭവം ഞെട്ടിച്ചതായി സമീപവീട്ടുകാരായ സി കെ ഗോവിന്ദരാജ്, ഒട്ടകത്തില്‍ രവികുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു. പുലര്‍ച്ചെ 3.30ന് വലിയ ശബ്ദം കേട്ട് വാതില്‍ തുറന്നതായിരുന്നു രവികുമാര്‍. ഇയാളുടെ വീടിന്റെ തൊട്ടുമുന്നിലാണ് സംഭവം.
പുറത്തിറങ്ങി നോക്കിയപ്പോള്‍ തീപ്പൊരി പാറുന്നത് കണ്ടു. ബസ് പോസ്റ്റിലിടിച്ച് കത്തുകയാണെന്ന് ആദ്യം കരുതിയത്. ഉടന്‍ സഹോദരന്‍ അനില്‍ കുമാറുമൊന്നിച്ച് അടുത്തെത്തിയപ്പോഴാണ് ലോറിക്കിടിച്ചത് വഴി ബസിലുള്ളവര്‍ പിടയുന്നത് കണ്ടത്. അപ്പോഴേക്കും ഗോവിന്ദരാജുള്‍പ്പെടെ അയല്‍വാസികളുമെത്തിയിരുന്നു. ടോര്‍ച്ചും മറ്റുമായി ബസിനടുത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബസിന്റെ ഇടതുഭാഗത്തേക്ക് ചെന്നപ്പോഴാണ് നിലത്ത് തലച്ചോറില്ലാതെ ഉടല്‍ നിലത്ത് കിടന്ന് പിടയുന്നത് കണ്ടത്. രണ്ടും കല്‍പിച്ച് ബസിലേക്ക് കയറി രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. അപ്പോഴേക്കും ഇതുവഴി വന്ന വാഹനക്കാരും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി.
അതുല്‍ ഉള്‍പ്പെടെ ആറുപേരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത് രവികുമാറിന്റെ കാറിലായിരുന്നു.
മുന്‍സീറ്റിലിരുന്ന പരുക്കേറ്റയാള്‍ക്ക് ഇരിക്കാന്‍ കഴിയാതെ വന്നതോടെ സീറ്റുബെല്‍റ്റ് കെട്ടി കൈകൊണ്ട് ഇടക്ക് ഇടക്ക് താങ്ങിയാണ് രവികുമാര്‍ ഇവരെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇയാളുടെ വാഹനത്തിനകത്ത് രക്തം തളം കെട്ടിക്കിടപ്പുണ്ട്. അവസരോജിതമായ രക്ഷാപ്രവര്‍ത്തനമാണ് മരണ സംഖ്യ കുറക്കാനായതെന്ന് പോലീസ് പ്രത്യേകം എടുത്തുപറഞ്ഞു.
പോലീസ് ഇടപെടല്‍ രക്ഷയായി
പുളിക്കല്‍: രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത് പോലീസിന്റെ ഇടപെടല്‍ . അപകടം നടന്ന ഉടന്‍ പോലീസ് കൈതക്കുണ്ടയില്‍ എത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെ കൊണ്ടുപോവാന്‍ പോലീസ് വാഹനവും ഉപയോഗിച്ചു. ഗതാഗത തടസ്സം ഒഴിവാക്കാന്‍ നടപടി എടുത്തു. ചിന്നിച്ചിതറി കിടന്ന തലച്ചോറും മറ്റും കവറിലാക്കിയാണ് പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എ ഡി ജി പി നിതിന്‍ അഗര്‍വാള്‍ രാവിലെ ആറ് മണിയോടെ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.

Latest