Connect with us

Gulf

മലയാളി സംഘത്തിന്റെ ദഫ്മുട്ട് ശ്രദ്ധേയമാകുന്നു

Published

|

Last Updated

ഷാര്‍ജ: പ്രവാസലോകത്തെ വേദികളെയും കാണികളെയും ഇളക്കിമറിച്ച് മലയാളിസംഘത്തിന്റെ ദഫ്മുട്ട്കളി. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ആലൂര്‍ നസ്രത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തിലുള്ള ദഫ്‌സംഘമാണ് മനംകവരുന്ന ദഫ്മുട്ടുമായി വേദികളെ ഇളക്കിമറിക്കുന്നത്.
15 പേരടങ്ങുന്ന സംഘമാണ് രണ്ട് വര്‍ഷം മുമ്പ് ഷാര്‍ജ കേന്ദ്രമാക്കി ദഫ്മുട്ട് ആരംഭിച്ചത്. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘം ദഫ്മുട്ട് കളിച്ച് കാണികളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയിട്ടുണ്ട്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും കരസ്ഥമാക്കി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ പ്രവാസി സംഘടന സംഘടിപ്പിച്ച ദഫ് മത്സരത്തിലും ഈ സംഘം ഒന്നാം സ്ഥാനം നേടി. തനത് ഇസ്‌ലാമിക കലയായ ദഫ്മുട്ട് അതിന്റെ തനിമ ചോരാതെയാണ് അവതരിപ്പിക്കുന്നത്. നിരന്തരമായ പരിശീലനത്തിലൂടെയാണ് സംഘത്തെ വാര്‍ത്തെടുത്തത്. ജോലിത്തിരക്കിനിടയില്‍ വീണുകിട്ടുന്ന സമയവും ഒഴിവുവേളകളുമാണ് പരിശീലനത്തിനുപയോഗിച്ചത്. ആവേശത്തോടെയാണ് ദഫ്മുട്ട് പരിശീലിക്കാന്‍ യുവാക്കള്‍ രംഗത്തുവന്നത്. ഇസ്‌ലാമിക കലയോടുള്ള താത്പര്യമാണ് കാരണം. ഇസ്‌ലാമിക കലകളടക്കമുള്ള നാടന്‍കലകളും മറ്റും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവയെ അതേപടി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദഫ്മുട്ട് പരിശീലിച്ച് അവതരിപ്പിക്കുന്നതെന്ന് ദഫ് സംഘം നായകന്‍ ആലൂര്‍ മുഹമ്മദ്കുഞ്ഞി പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest