Connect with us

National

ഇസില്‍: കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ മലയാളികളില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സി

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്ന ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ മലയാളികളില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സി. ഇതുവരെ 23 ഇന്ത്യക്കാര്‍ ഐ എസില്‍ ചേര്‍ന്നിട്ടുണ്ടെന്നും ഇതില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കി.
കര്‍ണാടക സ്വദേശികളായ മൗലാന അബ്ദുല്‍ ഖാദര്‍ സുല്‍ത്താന്‍ അര്‍മര്‍, മുഹമ്മദ് ഉമര്‍ സുബ്ഹാന്‍, ഫൈസ് മസൂദ്, തെലങ്കാന അദിലാബാദ് സ്വദേശി അതീഫ് വസീം മുഹമ്മദ്, ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് സാജിദ്, താനെ കല്ല്യാണ്‍ സ്വദേശിയായ സഹീം ഫറൂഖ് താങ്കി എന്നിവരാണ് കൊല്ലപ്പെട്ട ആറ് പേര്‍. രണ്ട് വര്‍ഷത്തിനിടെയാണ് 23 ഇന്ത്യക്കാര്‍ ഐ എസില്‍ ചേര്‍ന്നത്. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കിലും ഇതെല്ലാം രാജ്യത്തിന് പുറത്തുവെച്ചാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടത്തല്‍. റിക്രൂട്ട്‌മെന്റ് നടന്നത് അധികവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഐ എസില്‍ ചേര്‍ന്നെന്ന് പറയപ്പെടുന്ന മലയാളികളെ യു എ ഇയില്‍ നിന്നാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട ആറ് പേരും പോരാട്ട രംഗത്തുണ്ടായിരുന്നവരാണെന്നും ഏജന്‍സികള്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേരെ ചേര്‍ക്കാന്‍ ഐ എസ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. യു എസ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളായ സി ഐ എ, എം ഐ സിക്‌സ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വെളിപ്പെടുത്തിയത്.
അതേസമയം ഖുര്‍ആന്‍ വ്യക്തമായും ശരിയായും പഠിച്ച ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതരെല്ലാം ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഐ എസിനെയും മറ്റു തീവ്രവാദ സംഘടനകള്‍ക്കും എതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ടെന്നും ഏജന്‍സി പറയുന്നുണ്ട്.
അതേസമയം ഇന്ത്യയടക്കം ദക്ഷിണ ഏഷ്യയില്‍ നിന്നുള്ള മുസ്‌ലിംകളെ അറബ് പോരാളികളേക്കാള്‍ കഴിവുകുറഞ്ഞവരായാണ് ഐ എസ് കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, നൈജീരിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും മോശം പരിഗണനയാണ്. ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കാണ് ഇവരെ പ്രധാനമായും ഉപയോഗിക്കുന്നത്. അതിലുപരി ആയുധങ്ങള്‍ നല്‍കുന്നതില്‍ പോലും വിവേചനം കാണിക്കുന്നതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറബ് വംശജരെ ഓഫീസര്‍മാരായി നിയമിക്കുകയും നല്ല താമസ സൗകര്യവും മെച്ചപ്പെട്ട ശമ്പളവും നല്‍കുകയും ചെയ്യുന്നു.
വിദ്യാഭ്യാസവും സാമൂഹിക പശ്ചാത്തലവും കാരണം മറ്റുള്ളവരെപ്പോലെ പെട്ടെന്നുള്ള പ്രകോപനങ്ങളില്‍ വീഴുന്നില്ലെന്നതിനാല്‍ ചാവേര്‍ ആക്രമണങ്ങളില്‍ ഇവരെ പങ്കെടുപ്പിക്കാനും ഐ എസ് നേതൃത്വം ബുദ്ധിമുട്ടാറുണ്ട്. ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് നിയോഗിക്കുന്നവരെ ആ വിവരം അറിയിക്കാതെ സൂത്രത്തിലാണ് ഇവരെ ചാവേറുകളാക്കുന്നത്.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ആക്രമണസ്ഥലത്ത് കൊണ്ടുപോയി നിര്‍ത്തിയ ശേഷം നേരത്തെ നല്‍കിയ നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. സഹായികളെ വിളിക്കുകയാണെന്ന് കരുതിയാണ് മിക്ക ചാവേറുകളും ഡിറ്റനേറ്റര്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണുകളിലേക്ക് ഡയല്‍ചെയ്യുക. കോള്‍ വരുന്നതോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്യും. പോരാളികള്‍ക്ക് സിറിയന്‍ വനിതകളെ വധുക്കളായി നല്‍കുമെന്ന് ഐ എസ് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അറബ് പോരാളികളല്ലാത്തവര്‍ക്ക് സിറിയന്‍ വധുക്കളെ നല്‍കാറില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐ എസില്‍ ചേര്‍ന്ന ഇതര രാജ്യക്കാരെ അവരുടെ പാസ്‌പോര്‍ട്ട് കത്തിച്ച് കളഞ്ഞശേഷമാണ് ഐ എസില്‍ ചേര്‍ക്കുന്നത്.

Latest